സംയുക്തം നടന്നില്ല – നാട്ടിക ടോൾ പ്ലാസയിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ച് എൽ ഡി എഫ്

നാട്ടിക : കലക്ടർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം നടന്നുകൊണ്ടിരിക്കെ ടോൾ പിരിവ് വീണ്ടും ആരംഭിച്ചതിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ടോൾ പ്ലാസ ഉപരോധവും സംഘടിപ്പിച്ചു. മൂന്ന് തവണ തുടങ്ങുകയും നിർത്തിവെക്കുകയും ചെയ്ത ടോൾ പിരിവ് തിങ്കളാഴ്ച പകൽ 12 മണിയോടെ വീണ്ടും ആരംഭിക്കുകയായിരുന്നു . ഇതറിഞ്ഞതോടെയാണ് കളക്ടറുടെ ചേമ്പറിൽ ചർച്ചയിൽ പങ്കെടുത്തിരുന്ന രാഷ്ട്രീയ നേതാക്കൾ ഇറങ്ങിപ്പോരുകയും സംയുക്ത പ്രതിഷേധം പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാൽ ഉച്ചഭക്ഷണം കഴിച്ച്കഴിഞ്ഞതോടെ പാർട്ടി നേതാക്കളുടെ മാട്ടുമാറി.

നേരത്തെ പ്രഖ്യാപിച്ച സമയത്തു തന്നെ എൽ ഡി എഫ് നേതൃത്വത്തിൽ കോട്ടൺ മിൽ പരിസരത്ത് നിന്ന് ജനകീയ പ്രതിഷേധ മാർച്ച് ആരംഭിച്ചു. ഇതേ തുടർന്ന് ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച് ടോൾ ബൂത്ത് പൂർണ്ണമായും അടച്ചു. എൽഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ബലപ്രയോഗം നടന്നു. ഏറെ നേരത്തെ പ്രതിഷേധം നാട്ടികയെ സംഘർഷഭരിതമാക്കി. തുടർന്ന് നടന്ന പ്രതിഷേധ സമരം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ് അധ്യക്ഷനായി.സി പി എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ എം കിഷോർ കുമാർ, കെ എ വിശ്വംഭരൻ, കെ ആർ സീത, ടി എസ് മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. സമരത്തെ നേരിടാൻ ടോൾ പ്ലാസപൂർണ്ണമായി അടച്ചതോടെ വാഹന ഗതാഗതം സതംഭിച്ചു. ബസുകൾ ടോൾപ്ലാസക്കിരുവശവും ഓട്ടം അവസാനിപ്പിച്ച് തിരിച്ച് പോകേണ്ട അവസ്ഥയായി. മറ്റു വാഹനങ്ങളെ വഴി തിരിച്ച് വിട്ടതോടെ യാത്രക്കാർ ഏറെനേരം പെരുവഴിയിലായി.
യു ഡി എഫ് പ്രതിഷേധ പ്രകടനം നാളെ രാവിലെ 10 മണിക്ക് ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. 9 മണിക്ക് സി ഐ ടി യു പ്രതിഷേധം.



Comments are closed.