പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം – കവി ആലങ്കോട് ലീലാകൃഷ്ണൻ
എരമംഗലം: പത്രം ഏതായിരുന്നാലും പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ലോഗോ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രപ്രവർത്തനത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എക്കാലത്തേയും പത്രപ്രവർത്തകർക്ക് മാതൃകയാണ്. കേരള ചരിത്രത്തിലെ സവിശേഷമായ സാംസ്കാരിക മേഖലയും നവോത്ഥാനകാലത്തിന്റെ തുടക്കം മുതൽ ഇന്നുവരെ നിരന്തര ചലനമുണ്ടായ മതേതര മാനവികതയുടെയും ദേശീയ പുരോഗമന പ്രസ്ഥാനങ്ങളുടെയും വിളനിലമായിരുന്ന പ്രദേശമാണ് വന്നേരിനാട്.
മാതൃഭൂമി’ യുടെ മാനേജിങ് എഡിറ്ററും ഡയറക്ടറുമൊക്കെയായിരുന്ന വി.എം. നായർ, ‘മനോരമ’ യിലെ ടി.കെ.ജി. നായർ മുതൽ ലോകംകണ്ട അപൂർവമായ പുരോഗമനവാദിയായിരുന്ന എം. റഷീദ് ഉൾപ്പെടെയുള്ള പത്രപ്രവർത്തകരുടെ ഈറ്റില്ലം കൂടിയായിരുന്നു വന്നേരിനാട്. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വന്നേരിനാട് പ്രസ് ഫോറം സാംസ്കാരിക വേദിയാവുമെന്നതിൽ സാംസ്കാരിക പ്രവർത്തകനെന്ന നിലയിൽ എനിക്ക് സംശയമില്ലെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
പ്രസ് ഫോറം പ്രസിഡൻറ് രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഖജാൻജി പി.എ. സജീഷ്, രക്ഷാധികാരി പ്രസന്നൻ കല്ലൂർമ്മ, വൈസ് പ്രസിഡൻറ് ഷാജി ചപ്പയിൽ, ജോ. സെക്രട്ടറി പ്രത്യുഷ് വാരിവളപ്പിൽ, ഷാഫി ചങ്ങരംകുളം, പ്രേമദാസൻ മൂക്കുതല എന്നിവർ പ്രസംഗിച്ചു. മാറഞ്ചേരി സ്വദേശി റഫീഖ് ജിബ്രാനാണ് ലോഗോ രൂപകല്പന ചെയ്തത്.
Comments are closed.