മുനക്കക്കടവില്‍ അപ്രതീക്ഷിത കടലേറ്റം – നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുനക്കകടവില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ അപ്രതീക്ഷിത കടലേറ്റത്തില്‍ നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറി. ശക്തമായ കടലേറ്റത്തില്‍ 100 മീറ്ററോളം കരയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ തൊട്ടാപ്പില്‍ റമളാന്‍ വീട്ടില്‍ പാത്തു, കല്ലുമഠത്തില്‍ മോഹനന്‍, പുളിക്കന്‍ അബു, കടവില്‍ മുഹമ്മദാലി, പുതുവീട്ടില്‍ കബീര്‍, പടുമാട്ടുമ്മല്‍ സത്യന്‍, മന്ദലാംകുന്ന് കലാം, പൊതുവില്‍ കബീര്‍ എന്നിവരുടേതുള്‍പ്പെടെ 15ലേറെ വീടുകളിലേക്കാണ് വെള്ളം കയറിയത്. റോഡരികിലുള്ള മാക്കന്‍ വിശ്വനാഥന്റെ പലചരക്ക് കടക്ക് ചുറ്റും കടല്‍വെള്ളം ഏറെ നേരം കെട്ടിക്കിടന്നു. കടലോരത്തെ പടുമാട്ടുമ്മല്‍ ദേവീക്ഷേത്രത്തിലേക്ക് വെള്ളം കയറി. സമീപത്തെ നിരവധി കാറ്റാടി മരങ്ങള്‍ കടപുഴകി വീണ് കടലിലേക്ക് ഒലിച്ചുപോയി. പ്രദേശത്തെ നൂറുകണക്കിന് തെങ്ങുകളുടെ കടഭാഗത്ത് നിന്ന് മണ്ണ് ഒലിച്ചുപോയതിനാല്‍ ഏത് നിമിഷവും കടപുഴകി വീഴാവുന്ന പരുവത്തിലാണ് തെങ്ങുകള്‍ നില്‍ക്കുന്നത്. പല വീടുകളുടേയും മുറ്റത്ത് കൂട്ടിയിട്ടിരുന്ന നാളികേരങ്ങള്‍ ഒഴുക്കില്‍ പെട്ട് കാനകളിലേക്കും തോടുകളിലേക്കും ഒലിച്ചുപോയി. പഞ്ചായത്ത് മെമ്പര്‍ അഷ്‌ക്കറലിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ ഒഴുകിപ്പോയ നാളികേരവും മറ്റും കാനകളില്‍ നിന്നെടുത്ത് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി. പലരുടേയും വീടുകള്‍ക്ക് സമീപത്തെ വിറകുപുരയിലേക്ക് വെള്ളം കയറി വിറകുകള്‍ ഒലിച്ചുപോയി.
കടപ്പുറം പഞ്ചായത്തിന്റെ കടലോരത്ത് നിര്‍മ്മിച്ച കടല്‍ഭിത്തി വ്യാപകമായി തകര്‍ന്നതാണ് കടലേറ്റം രൂക്ഷമായി തുടരാന്‍ കാരണം. ഒരു മാസം മുമ്പും കടപ്പുറം പഞ്ചായത്തില്‍ രൂക്ഷമായ കടലേറ്റമുണ്ടായിരുന്നു.ഓരോ വര്‍ഷവും ഉണ്ടാവുന്ന കടലേറ്റത്തില്‍ നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളുമാണ് കടപ്പുറം പഞ്ചായത്തില്‍ കടപുഴകി വീണത്. കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ താല്‍ക്കാലി കടല്‍ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments are closed.