ഗുരുവായൂര്‍: ഭാവിയിലെ ഫുട്ബാൾ ടീമിനെ വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ളാസ്റ്റേഴ്സ് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബാള്‍ സ്കൂള്‍ അടുത്ത മാസം ഗുരുവായൂരിൽ തുടങ്ങും. കളി മികവുള്ള കുട്ടികളെ കണ്ടത്തെി മികച്ച പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. എട്ട് മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് പരിശീലനം. ഗുരുവായൂര്‍  സ്‌പോര്‍ട്‌സ് അക്കാദമിയാണ് പരിശീലനത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിവിധ പ്രായ വിഭാഗങ്ങളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. ജില്ലകളിലെ മികച്ച സ്‌കൂളുകള്‍ക്കായി സംസ്ഥാന തലത്തിലും ലീഗ് സംഘടിപ്പിക്കും.  ലീഗ് മത്സരങ്ങളില്‍ മികവ് തെളിയിക്കുന്നവരെ കൂടുതല്‍ മികച്ച പരിശീലനത്തിനായി ഡവലപ്പ്‌മെൻറ് കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്യും. കേരള ഫുട്ബോൾ അസോസിയേഷനാണ് ഫുട്ബാൾ സ്കൂളുകൾക്കു സാങ്കേതിക സഹായം നൽകുന്നത്. സ്കോർലൈൻ സ്പോർട്സിനാണു നടത്തിപ്പ് ചുമതല. രജിസ്ട്രേഷന്‍ ഫോണ്‍: 9895840885, 8113800716.