2031 ആവുമ്പോഴേക്കും കേരളം തെരുവുനായ്ക്കൾ ഇല്ലാത്ത സംസ്ഥാനം – മന്ത്രി ചിഞ്ചു റാണി

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രം (എബിസി) മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ തൃതല പഞ്ചായത്ത് സംവിധാനത്തിനു കീഴിൽ ആദ്യത്തെ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രമാണ് ഇത്. കൊച്ചു കുട്ടികളടക്കം തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്ന സാഹചര്യത്തിൽ 2031 ആവുമ്പോഴേക്കും തെരുവുനായ്ക്കൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

ചാവക്കാട് എബിസി കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയോളം വകയിരുത്തി പുതിയ ഓപ്പറേഷൻ തിയറ്റർ, ഓഫീസ്, സ്റ്റോർ, അണുനശീകരണ മുറി, നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള കൂടുകൾ, സിസിടിവി സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ചാവക്കാട്,ഗുരുവായൂർ മുനിസിപ്പാലിറ്റി പരിധിയിൽ നിന്നും, മുല്ലശ്ശേരി, ചാവക്കാട് ബ്ലോക്കുകൾക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ നിന്നും തെരുവ് നായ്ക്കളെ ഇവിടെ വന്ധ്യംകരിക്കാം. പ്രതിമാസം ഇരുന്നൂറോളം നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.സി റെജിൽ, ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.ബി. ജിതേന്ദ്രകുമാർ റിപ്പോർട്ട് അവതരണം നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ മഞ്ജുള അരുണൻ, റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ നബീസക്കുട്ടി, ലതി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചപ്പൻ വടക്കൻ, എം.എം റെജീന, ദിൽന ധനേഷ്, സാലിഹ ഷൗക്കത്ത്, വിജിത സന്തോഷ്, ജാസ്‌മിൻ ഷെഹീർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ഡീന ആന്റണി എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് പൂക്കോട് വെറ്ററിനറി സർജൻ ഡോ. സി.ആർ പ്രശാന്തിന്റെ നേതൃത്വത്തിൽ ജന്തുജന്യരോഗങ്ങളും അവയുടെ കരുതലും എന്ന വിഷയത്തിൽ സെമിനാർ നടത്തി. എഎസ്എഫ് ടീമിനെയും മുളങ്കുന്നത്ത്കാവ് പഞ്ചായത്തിൽ നടത്തിയ ആഫ്രിക്കൻ പന്നിപ്പനിയുടെ നിയന്ത്രണ പ്രവർത്തനങ്ങളിൽ നിസ്‌തുല സേവനം നൽകിയ റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളെ അനുമോദിച്ചു.


Comments are closed.