ചാവക്കാട്: നഗരസഭ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പൂക്കുളം വാര്‍ണാട്ട് രമേഷിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പഞ്ചാരമുക്കിലെ രമേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ മൂന്ന് പ്രതികള്‍ മാത്രമാണ് അറസ്റ്റിലായത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുധീരന്റെ പ്രതികരണം. രമേഷിന്റെ മരണത്തിലൂടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാരായ മുഴുവന്‍ പ്രതികളേയും കണ്ടെത്തി  നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. കേസന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി ടി.എന്‍ പ്രതാപനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. രമേഷിന്റെ ഭാര്യ ഗീത, മക്കള്‍ ശ്വേത, സജൈയ്  ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ  ആശ്വസിപ്പിച്ച സുധീരന്‍ കുടുംബത്തിന്റെ സഹായത്തിനായി  എന്ത് ചെയ്യാനാവുമെന്നതിനെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പറഞ്ഞു. മുന്‍ എം.എല്‍.എ. മാരായ ടി. എന്‍ പ്രതാപന്‍, പി. എ. മാധവന്‍, ഡിസിസി ജനറല്‍ സെക്രട്ടറി, വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും വി.എം. സുധീരനോടൊപ്പം രമേഷിന്റെ വീട്ടിലെത്തി. ഇക്കഴിഞ്ഞ ആറിനാണ് മക്കളോടൊപ്പം ബൈക്കില്‍ പോകവേ പരിഹസിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രമേഷ് കുഴഞ്ഞുവീണ് മരിച്ചത്.