ചാവക്കാട് കോടതിയിൽ നിർത്തിയിട്ട കാറിന് കുമ്പളം ടോൾ പ്ലാസ 45 രൂപ ഈടാക്കി

ചാവക്കാട്: ടോൾ പ്ലാസകൾ കേന്ദ്രീകരിച്ച് ഫാസ്‌ടാഗ് തട്ടിപ്പ് വ്യാപകമാകുന്നു. ചാവക്കാട് കോടതിയിൽ കേസ് വാദിച്ചു കൊണ്ടിരുന്ന അഡ്വ.തേർളി അശോകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് കാർ ടോൾ കടന്നു എന്ന വ്യാജേന പണം നഷ്ടമായത്.
കഴിഞ്ഞ വെള്ളിയാഴ്ച (09-01-26) ഉച്ചയ്ക്ക് 12.48-നായിരുന്നു സംഭവം. ഈ സമയത്ത് അഡ്വ. അശോകന്റെ കാർ ചാവക്കാട് കോടതി പരിസരത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. എന്നാൽ കൊച്ചി കുമ്പളം ടോൾ പ്ലാസ വഴി കാർ കടന്നുപോയെന്നും 45 രൂപ ആക്സിസ് ബാങ്ക് ഫാസ്‌ടാഗ് അക്കൗണ്ടിൽ നിന്നും കുറഞ്ഞതായും കാണിച്ച് അദ്ദേഹത്തിന് മെസ്സേജ് ലഭിക്കുകയായിരുന്നു.
വാഹനം തന്റെ കൺമുന്നിൽ ഇരിക്കെ കിലോമീറ്ററുകൾ അകലെയുള്ള ടോൾ പ്ലാസയിൽ എങ്ങനെ പണം ഈടാക്കി എന്നതിൽ ദുരൂഹതയുണ്ട്. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ടോൾ ഫ്രീ നമ്പറിലും ആക്സിസ് ബാങ്കിലും വിളിച്ച് പരാതി നൽകിയെങ്കിലും ഇതുവരെ തൃപ്തികരമായ മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല.

സമാനമായ രീതിയിൽ പലർക്കും ടോൾ പ്ലാസകളിൽ നിന്ന് പണം നഷ്ടമാകുന്നതായി പരാതിയുണ്ട്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് അഡ്വ.തേർളി അശോകൻ.

Comments are closed.