കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കല്‍ – പ്രാരംഭ നടപടികള്‍ ആരംഭിച്ചു
പുന്നയൂര്‍: പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടന്‍ പാടത്ത് കൃഷി ഇറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി എന്‍ജിനീയറിങ് വിഭാഗം പാടം സന്ദര്‍ശിച്ചു. അഗ്രികള്‍ച്ചര്‍ അസി. എന്‍ജിനീയര്‍ പി.വി. സൂരജ്കണ്ണന്‍, ഓവര്‍സീയര്‍മാരായ കെ.സി. മോഹനന്‍, ബ്രിജോ വിത്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് സന്ദര്‍ശനം നടത്തിയത്.
തരിശു കിടക്കുന്ന 2500 ഏക്കര്‍ പാടത്ത് കൃഷി ഇറക്കാനാണ് പദ്ധതി. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് വിങ് 2012 ല്‍ തയാറാക്കിയ പ്രോജക്ടില്‍ നബാര്‍ഡിന്റെ 15 കോടി രൂപ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ പദ്ധതി പ്രദേശങ്ങളില്‍ പലയിടത്തും രൂപമാറ്റം വന്നതിനാലും കര്‍ഷകരില്‍ നിന്നും തദ്ദേശ പ്രതിനിധികളില്‍ നിന്നും പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതിനാലും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ രൂപമുണ്ടാക്കാനാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്.
പഴയ പൂക്കോട് പഞ്ചായത്ത്, വടക്കേകാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഈച്ചി, ഭട്ടതിരി പാടങ്ങളിലും പരിശോധന നടത്തി.
വിവിധ പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് മൂന്ന് ആഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്ക് സമര്‍പ്പിക്കുമെന്ന് അസി. എന്‍ജിനീയര്‍ പി.വി. സൂരജ്കണ്ണന്‍ പറഞ്ഞു.
മൂന്ന് വര്‍ഷംകൊണ്ട് മൂന്ന് ഘട്ടമായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ പാടത്തെ കളകള്‍ പറിച്ച് പരമാവധി കൃഷി ഇറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതോടൊപ്പം തോടുകളുടെ വികസനവും പുതിയ തോടുകളുടെ നിര്‍മ്മാണവും നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, കൃഷി ഓഫീസര്‍ കെ. സിന്ധു എന്നിവരും കര്‍ഷകരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments are closed.