ഫണ്ടില്ല – ജനകീയ പദ്ധതികൾ ഉൾപ്പെടെ രണ്ടു കോടിയുടെ വാർഷിക പദ്ധതികൾ ഒഴിവാക്കി ചാവക്കാട് നഗരസഭ
ചാവക്കാട് : ഫണ്ടിന്റെ അഭാവം മൂലം ജനകീയ പദ്ധതികൾ ഉൾപ്പെടെ 2024 – 2025 വർഷത്തെ വാർഷിക പദ്ധതികൾ പലതും ഒഴിവാക്കാൻ തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ. വാർഷിക പദ്ധതിയിലെ പന്ത്രണ്ടോളം പദ്ധതികളാണ് വിവിധ കാരണങ്ങളാൽ ചാവക്കാട് നഗരസഭ ഒഴിവാക്കുന്നത്. ജനറൽ വിഭാഗത്തിൽ ഭവന പുനരുദ്ധാരണം, പോത്തുകുട്ടി വളർത്തൽ, വാഴകൃഷി വികസനം, മണത്തല ജി എച്ച് എസ് സ്കൂൾ ലൈബ്രറേറിയനുള്ള ഹോണറേറിയം, പ്രവാസി വ്യവസായ എസ്റ്റേറ്റ് കെട്ടിട നിർമ്മാണം, എന്നിങ്ങനെ അമ്പത്തിനാലര ലക്ഷം രൂപയുടെ പദ്ധതികളാണ് ഫണ്ടിന്റെ അഭാവം പറഞ്ഞു ഒഴിവാക്കുന്നത്. പന്ത്രണ്ടോളം ഇനങ്ങളിലായി രണ്ടു കോടിയുടെ പദ്ധതികളാണ് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചാവക്കാട് നഗരസഭ വാർഷിക പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നത്. കേന്ദ്രം ഫണ്ട് നൽകാത്തതാണ് കാരണമായി പറയുന്നത്. സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട വിഹിതം വെട്ടികുറച്ചതാണ് നഗരസഭയെ ഭരണ പ്രതിസന്ധിയിലാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭവന പുനരുദ്ധാരണം, കന്നുകുട്ടി വളർത്തൽ തുടങ്ങിയ ജനകീയ പദ്ധതികൾ ഒഴിവാക്കുന്നതിനെതിരെ കൗൺസിലർ കെ വി സാത്താറിന്റെ നേതൃത്വത്തിൽ യു ഡി എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു.
Comments are closed.