സി കെ വേണുവിന് ദേശത്തിന്റെ അന്ത്യോപചാരം
അവിയൂർ : തിങ്കളാഴ്ച അന്തരിച്ച സോഷ്യൽ ആക്ടിവിസ്റ്റ് അവിയൂർ സി കെ വേണുവിന് ദേശത്തിന്റെ അന്ത്യോപചാരം. വൻ ജനാവലിയുടെ സാനിധ്യത്തിൽ അവിയൂരിലെ തറവാട്ട് വളപ്പിൽ മൃതദേഹം സംസ്കരിച്ചു. അവിയൂർ ചന്തിരുത്തി പരേതരായ കേശവൻ്റേയും കാർത്ത്യായനി ടീച്ചറുടേയും മകൻ സി.കെ. വേണു (72) തിങ്കളാഴ്ചയാണ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്നാഴ്ച്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സി. കെ. വേണുവിന്റെ വിയോഗത്തിലൂടെ ചാവക്കാടിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സമര ചരിത്രത്തിലെ ആവേശോജ്വലമായ ഒരു കാലത്തിനാണ് തിരശീല വീഴുന്നത്. പൌരാവകാശ, മനുഷ്യാവകാശ പ്രശ്നങ്ങളിലെല്ലാം വിട്ടുവീഴ്ചയില്ലാത്ത യോദ്ധാവായിരുന്നു വേണു. പൊതുജീവിതത്തിൽ രാജ്യത്തിനു പുറത്ത് പോലും അതിവിപുലമായ സൗഹൃദബന്ധം പുലർത്തിയിരുന്നു. ചാവക്കാട് സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസിൻ്റെ സെക്രട്ടറിയും ചാവക്കാട് ഖരാനയുടെ സജീവ പ്രവർത്തകനുമായിരുന്നു.
ചൊവാഴ്ച ഉച്ചയ്ക്ക് തൃശൂരിൽ നിന്ന് അവിയൂരിലെ ആതിര വീട്ടിൽ കൊണ്ടുവന്ന മൃതദേഹം പൊതു ദർശനത്തിന് ശേഷം ഇന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് അവിയൂരിലെ തറവാട്ടു വളപ്പിൽ സംസ്കരിച്ചു. സംസ്ഥാന പ്രവാസി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേന്ദ്രൻ, മുൻ എംഎൽഎയും സാഹിത്യകാരനുമായ പിടി കുഞ്ഞുമുഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ദയാനന്ദൻ, സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, സി സുമേഷ്, സി വി സുരേന്ദ്രൻ, ആർ വി മജീദ്, അഡ്വക്കറ്റ് ഫൈസൽ, വേണു തിരുവത്ര, എം വി ഹൈദരാലി, തടാകം കുഞ്ഞുമുഹമ്മദ്, ആർ പി ബഷീർ, ടിപി ഉണ്ണി, ടി കെ വാസു തുടങ്ങി നിരവധി പേർ അന്ത്യാജ്ഞലി അർപ്പിക്കുവാനും സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാനും എത്തിയിരുന്നു.
അവിവാഹിതനാണ്. സഹോദരങ്ങൾ : സത്യൻ, നിർമ്മല, അഡ്വക്കറ്റ് മോഹനൻ, രാജൻ, പരേതരായ രവി, ബാബു.
Comments are closed.