Header

പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്ത് മുന്നണികള്‍

ചാവക്കാട്: പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഗുരുവായൂര്‍ മണ്ഡലത്തിലെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്താണ് വെള്ളിയാഴ്ച്ച കളത്തിലിറങ്ങിയത്. മണ്ഡലത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ മാര്‍ച്ചുകളും പൊതുയോഗങ്ങളുമായി ഇടത് വലത് മുന്നണി നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ചപ്പോള്‍ ബി.ജെ.പി ചാവക്കാട് നഗരം കയ്യിലൊതുക്കിയാണ് പരസ്യ പ്രചാരണനാളുകളുടെ അവസാന സന്ധ്യക്ക് വേദിയൊരുക്കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെവി അബ്ദുല്‍ ഖാദര്‍ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പതിവുപോലെ തനിച്ചുള്ള യാത്രയിലായിരുന്നു. പുന്നയൂര്‍, പുന്നയൂര്‍ക്കുളം മേഖലയിലായിരുന്നു അദ്ദേഹം. ഉച്ചക്കുശേഷം ഇടത് മുന്നണി വ്യാഴാഴ്ച്ച ആരംഭിച്ച തീരദേശ പ്രചാരണ ജാഥയുടെ തുടര്‍ച്ച ബ്ളാങ്ങാട് ബീച്ചില്‍ നിന്നാരംഭിച്ചപ്പോള്‍ അബ്ദുല്‍ ഖാദര്‍ അതില്‍ പങ്കാളിയായി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം സാദിഖലി വെള്ളിയാഴ്ച്ച രാവിലെ മുതല്‍ ഉച്ചവരെ ചാവക്കാട് നഗരത്തിലെ വിവധ സ്ഥാപനങ്ങളിലും കടകളിലും കയറി വോട്ട് തേടി. വൈകുന്നേരം ഗുരുവായൂര്‍ നഗരത്തിലും കടപ്പുറത്തും അകലാട് മന്ദലാംകുന്നിലും പ്രചാരണ റാലിയും പൊതുയോഗങ്ങളും സംഘടിപ്പിച്ചാണ് യു.ഡി.എഫ് പരസ്യ പ്രചാരണത്തിന്‍്റെ അവസാന സയാഹ്നം ചെലവിട്ടത്. ഇതിനിടയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി ഓട്ടോറാലികളും നടന്നു. ഒപ്പം ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളും വോട്ട് തേടിയുള്ള ശബ്ദവുംഗാനങ്ങളുമായി നാട് നീളെ പരക്കം പാഞ്ഞുകൊണ്ടിരുന്നു. നഗരത്തില്‍ പതിവില്ലാത്ത വേഷത്തില്‍ ആയുധ ധാരികളായ കേന്ദ്രസേന നിലയുറപ്പിച്ചതും ജനങ്ങളില്‍ അത്ഭുതവും ആശങ്കയും ഉണ്ടാക്കി.
പരസ്യപ്രചാരണത്തിന്‍്റെ സമാപന ദിനമായ ശനിയാഴ്ച്ച ചാവക്കാട് നഗരത്തില്‍ പതിവുള്ള കൊട്ടിക്കലാശം ഇത്തവണയില്ലാത്തതാണ് പ്രചാരണ രംഗം കൊഴുപ്പിക്കാന്‍ വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ തെരഞ്ഞടുക്കാന്‍ മുന്നണികളേയും പാര്‍ട്ടികളേയും പ്രേരിപ്പിച്ചത്.
മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തത് 20000 ഓളം വോട്ടുകളാണ്. അതില്‍ ഭൂരിഭാഗവും ന്യു ജെന്‍, ഈ കണക്ക് ആര്‍ക്ക് അനുകൂലമാകുമെന്നത് ഇടത് വലത് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. ബി.ഡി.ജെ.എസ് കൂട്ടുകെട്ടുമായി ബി.ജെ.പിയുടെ എന്‍.ഡി.എക്ക് കിട്ടുന്ന വോട്ടും, നിയമസഭാ തെരഞ്ഞെടുപ്പിനെ ആദ്യമായി അഭിമുഖീകരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേടുന്ന വോട്ടുകളും ഇടതു വലതു വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു.
നിയോജക മണ്ഡലത്തില്‍ പുറമേ കാണുന്ന യു.ഡി.എഫ് ഐക്യം അകത്തും സംഭവിക്കുമെന്നും ന്യൂ ജെന്‍ ഉള്‍പ്പടെ നിഷ്പക്ഷ വോട്ടുകള്‍ പി.എം സാദിഖലിക്ക് അനുകൂലമാകുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍ മുന്നണിക്ക് ലഭിക്കുന്ന വോട്ടിനൊപ്പം തന്‍്റെ പരിചിത വലയത്തില്‍ കയറി ചെന്ന് ഒറ്റക്ക് നേടുന്ന വോട്ട് വിജയഘടകമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് നേതാക്കള്‍.
അതേസമയം അടിയൊഴുക്ക് കൃത്യമായി അറിയാനാവാത്തത് ഇരു മുന്നണികളയും കുഴക്കുന്നുണ്ട്. സൈക്കിള്‍ യാത്രയും കൂട്ടയോട്ടവും ചിത്രം വരുമൊക്കെയായി പ്രചാരണത്തിന്‍്റെ പുതിയ വഴികളിലത്തെിയ ഗുരുവായൂര്‍ മണ്ഡലം ആരെ പിന്തുണക്കുമെന്നറിയാന്‍ 19ന് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കുകതന്നെ വേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Comments are closed.