mehandi new

മണത്തല ഹൈദ്രോസ് കുട്ടി മൂപ്പർ|മാനവ സൗഹൃദത്തിന് ചാവക്കാടിന്റെ വരദാനം

fairy tale

ചാവക്കാടിൻറെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത നാമമാണ്  നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടേത്.  ചരിത്രകാരന്മാർ മറ്റു പല ധീരനായകന്മാരെ എന്ന പോലെ ഹൈദ്രോസ് കുട്ടിമൂപ്പരെ അവഗണിച്ചതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ കാര്യങ്ങൾ വളരെ കുറച്ചു മാത്രമെ നാട്ടുകാർക്ക് അറിയൂ. ഡച്ച്, ഇംഗ്ലീഷ് ചരിത്രകാരന്മാർ ഉൾപ്പടെ എഴുതിയ ചില ഗ്രന്ഥങ്ങളിലും മലയാളത്തിലെ ആദ്യത്തെ ചരിത്ര പുസ്തകം എന്നറിയപ്പെട്ടുന്ന വെള്ളയുടെ ചരിത്രത്തിലും ആ നാമം മിന്നിമറിയുന്നുണ്ട്.

planet fashion

പുന്നത്തൂർ നമ്പിടിക്കൊപ്പം സാമൂതിരിയുടെ സാമന്തനായി ചാവക്കാട് മേഖലയിൽ വെളിയങ്കോട് സ്വദേശിയായിരുന്ന  കുഞ്ഞൂസ്സക്കുട്ടി മൂപ്പനുമുണ്ടായിരുന്നു. അന്ന് പൊന്നാനി പൂക്കൈത മുതൽ ചേറ്റുവ പുഴവരെയുള്ള മേഖല ചാവക്കാടിൻറെ ഭാഗമാണ്. സാമൂതിരിയുടെ സാമന്തനായ പുന്നത്തൂർ രാജയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്.  പ്രദേശത്തെ ഭൂപ്രഭുക്കന്മാരിൽ ഒരാളായ കുഞ്ഞൂസക്കുട്ടിയാണ് തീരമേഖലയുടെ അധിപനായി നാട് ഭരിച്ചത്. പുന്നത്തൂർ രാജാക്കന്മാർക്കൊപ്പം യുദ്ധ രംഗങ്ങളിൽ സാമൂതിരിയുടെ സൈന്യത്തിൻറെ നേതൃത്വവും ഭൂസ്വത്തുക്കളുടെ മേൽനോട്ടവും കുഞ്ഞൂസ്സക്കുമുണ്ടായിരുന്നു. 

ഭരണ കാര്യങ്ങളിൽ മണത്തലക്കായിരുന്നു കേന്ദ്ര സ്ഥാനം. അതിനാൽ  കുഞ്ഞൂസ്സക്കുട്ടി പിന്നീട് ചാവക്കാട് അങ്ങാടി എന്ന ഇപ്പോഴത്തെ അങ്ങാടിത്താഴത്ത് വീട് വെച്ച് താമസിക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ ഔദ്യോഗിക കാര്യങ്ങൾ നടന്നിരുന്നത് മണത്തലയിലായിരുന്നു. ഇന്നത്തെ ചാവക്കാട് എന്ന് അറിയപ്പെടുന്ന നഗരത്തെക്കാൾ മണത്തലക്കായിരുന്നു അന്ന് പ്രാധാന്യം. 

അങ്ങാടിത്താഴത്ത് പെരിന്തട്ട ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് താമസമാക്കിയ കുഞ്ഞൂസക്കുട്ടി നാലകത്ത് ചാന്തിപ്പുറത്ത് ആമിനയെ വിവാഹം കഴിച്ചു.

തനിക്ക് ലഭിക്കാനുള്ള പണം  ലഭിക്കാതെ പല അവധികളും കഴിഞ്ഞ് ഒഴിഞ്ഞുമാറിയ സാമൂതിരിയോട് പണം ചോദിച്ച് ഹൈദരലി വരുന്നുവെന്നറിഞ്ഞ് പണം നൽകാനില്ലാതെ ഭയന്നുവിറച്ച സാമൂതിരി  കോഴിക്കോട്ടെ കോവിലകത്തിനു തീവെച്ച്  ആത്മഹത്യ ചെയ്തു. ഒപ്പം കുടുംബാംഗങ്ങൾ ഓടിപ്പോവുകും ചെയ്തതോടെ സാമൂതിരിയുടെ ഭരണം ഹൈദരലിക്കു കീഴിലായി.   ചാവക്കാട് ഉൾപ്പടുന്ന എല്ലാ രാജ്യവും ഹൈദരലിയുടെ കീഴിലായി. സാമൂതിരിയുടെ സാമന്തന്മാരായ  പുന്നത്തൂർ രാജയും  കുഞ്ഞു മൂസക്കുട്ടി മൂപ്പനും  പിന്നീട് കുഞ്ഞു മൂസക്കുട്ടിയുടെ മകൻ ഹൈദ്രോസ് കുട്ടി മൂപ്പരും  മൈസൂരിനു ഒപ്പമായി. ഹൈദ്രോസ് കുട്ടിയെ ചാവക്കാട് മേഖലയിലെ നികുതി പിരിവിൻെറ ചുമതലക്കാരനുമാക്കി. നികുതി പിരിവ് മാത്രമല്ല മേഖലയുടെ മൊത്തം കാര്യങ്ങൾ അദ്ദേഹത്തിൻറെ കീഴിലായിരുന്നു നടന്നിരുന്നത്. ഇതര മത വിഭാഗങ്ങളോട് സഹിഷ്ണുതയോടെയും സൗഹാർദ്ധത്തോടെയുമാണ് ഹൈദ്രോസ് കുട്ടി വർത്തിച്ചിരുന്നത്.

ചാവക്കാട്  താലൂക്ക് ആശുപത്രിക്ക് സമീപത്തുള്ള  കോഴിക്കുളങ്ങര ഭഗവതിക്ഷേത്രം, ചാവക്കാട് നഗരത്തിനോടടുത്തതും മേഖലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നുമാണ്.  ഭഗവതിയാണ് പ്രധാന മൂർത്തി. കിഴക്കോട്ടു ദർശനമുള്ള ക്ഷേത്രത്തിൽ  രണ്ടു നേരം പൂജയുണ്ട്. മകര ഭരണി ആഘോഷം നടക്കുന്ന  ഇവിടെ ആനകൾ പാടില്ലെന്ന് വിലക്ക്‌ നിലവിലുണ്ട്. 

ഈ ക്ഷേത്രത്തെ പറ്റി  ക്ഷേത്ര വിജ്ഞാന കോശം പറയുന്നത് ഇങ്ങനെ:

പഴയ കാലത്ത് ഗുരുതിയും കോഴിവെട്ടുമുണ്ടായിരുന്ന ഈ ക്ഷേത്രം  പുന്നത്തൂർ നമ്പിടിയുടെ കീഴിലായിരുന്നു. ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റിയാണ് കാര്യങ്ങൾ നടത്തുന്നത് കിലോമീറ്റർ കിഴക്കു ഭാഗത്ത്. കൊടുങ്ങല്ലൂർ ഭഗവതിയുടെ വെളിച്ചപ്പാടന്മാരായ പുവ്വത്തൂർ അടിയോടിയുടെ ധർമ്മ ദൈവമായിരുന്നു ഈ ഭഗവതി. പുവ്വത്തൂരിനടുത്താണ് ചാവക്കാട്. അവിടെ നിന്നും അടിയോടിമാർ ഇങ്ങോട്ടു വന്നപ്പോൾ ആവാഹിച്ചുകൊണ്ടുവന്ന ഭഗവതിയാണെന്നു കരുതുന്നു . അടിയോടിമാരുടെ കുടുംബം അന്യം നിൽക്കാറായപ്പോൾ അവസാനത്തെ കാരണവർ ക്ഷേത്രവും സ്വത്തും കൊടുങ്ങല്ലൂർ ഭഗവതിക്കു സമർപ്പിച്ചു. ഇപ്പോൾ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ കീഴേടമാണ്.  നാരായണമംഗലം ദ്വീപുമുഴുവൻ ഈ ഭഗവതിയുടേതായിരുന്നു.

കോഴിക്കുളങ്ങര ഭഗവതിക്ഷേത്രവും ഹൈദ്രോസ് കുട്ടിയും. 

ആദ്യം സാമൂതിരിയുടെയും പിന്നീട് മൈസൂർ സുൽത്താൻമാരായ ഹൈദരലി, അദ്ദേഹത്തിൻറെ പുത്രൻ ടിപ്പു സുൽത്താൻ എന്നിവരുടെയും  ചാവക്കാട് മേഖലയുടെ പ്രതിനിധിയായിരുന്ന മണത്തല ഹൈദ്രോസ് കുട്ടി മൂപ്പുരുമായി  കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിന് ഏറെ അടുപ്പമായിരുന്നു. പുന്നത്തൂർ നമ്പിടിയുടെ കീഴിലായിരുന്നുവെങ്കിലും മേഖലയിലെ ഭരണപരമായ രംഗങ്ങളിൽ സാമൂതിരിക്കും പിന്നീട് മൈസൂർ സുൽത്താൻമാർക്കുമായിരുന്നു ആധിപത്യം. അതുകൊണ്ട് തന്നെ കൊല്ലന്തോറും മകര മാസത്തിൽ നടത്തിയിരുന്ന ഭരണി ഉത്സവം കൊണ്ടാടിയിരുന്നത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ സംരക്ഷണത്തിലായിരുന്നു. ഉത്സവദിനം മൂപ്പർ പരിവാരങ്ങളും അമ്പല പറമ്പിലെത്തുമായിരുന്നു. ഇന്നും വെടി വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്ന്. അക്കാലത്ത് ഉത്സവത്തിൻറെ പരിസമാപ്തിയിൽ നൂറു വെടികൾ തൻെറ അകമ്പടി യോദ്ധാക്കളും നൂറ്റൊന്നാമത്തെ വെടി ഹൈദ്രോസ് കുട്ടിമൂപ്പരുടെ പേരിലും പൊട്ടിക്കുമായിരുന്നുവെന്നും  ഹൈദ്രോസ് കുട്ടിയുമായി ബന്ധപ്പെട്ട ചരിത്രത്തിൽ പറയുന്നുണ്ട്.

കോഴിക്കുളങ്ങര ക്ഷേത്രം മാത്രമല്ല, ഗുരുവായൂർ ക്ഷേത്രവുമായും ഹൈദ്രോസ് കുട്ടി മൂപ്പർക്ക് വലിയ ബന്ധമായിരുന്നു. 

ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസവും നടത്തുന്ന ആചാരങ്ങൾക്കും നേർച്ചകൾക്കുമായി ചെലവഴിക്കാൻ വാർഷിക ഗ്രാൻറ് നൽകാൻ ഹൈദ്രോസ് കുട്ടി മൂപ്പന് ടിപ്പുവിൻറെ നിർദ്ദേശമുണ്ടായിരുന്നു. പിന്നീട് ഭരണം പിടിച്ചടക്കിയ ബ്രിട്ടീഷുകാരും ഇക്കാര്യം തുടർന്നു. 

തിരൂർ തൃക്കണ്ടിയൂർ ക്ഷേത്രവുമയി ബന്ധപ്പെട്ടും ഹൈദ്രോസ് കുട്ടി മൂപ്പുരുടെ ഒരു സൗഹാർദ്ധ ചരിത്രമുണ്ട്. വെള്ള നമ്പൂതിരയുമായി ബന്ധപ്പെട്ട് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഒരു ചരിത്രം വെട്ടത്ത് നാടിൻറെ ചരിത്രകാരൻ കെ.സി. അബ്ദുള്ളയും തൻറെ വെട്ടത്തുനാട്- സാമൂഹ്യ രേഖ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.   വെട്ടത്തു നാട് രാജാവിൻറെ മരണത്തിനു ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്ത ക്ഷേത്രം പിന്നീട് സാമൂതിരിക്ക് കൈമാറി. ഈ ക്ഷേത്രത്തിൽ നടത്തിയ പുരുദ്ധാരണത്തെക്കുറിച്ചാണ് അബ്ദുള്ള വിവരിക്കുന്നത്. മണ്ടായപ്പുറത്ത് കൃഷ്ണമേനോൻറെയും പന്നിയൂർ വെള്ളനമ്പൂതിരിയുടെയും നേതൃത്വത്തിലും ചാവക്കാട് ഹൈദ്രോസ് കുട്ടിയുടെ സഹായത്തിലും ക്ഷേത്രം പുനരുദ്ധാരണം നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.   

ഹൈദ്രോസ് കുട്ടി മൂപ്പർക്ക് ഹൈദരലിയുടെ ഗവർണണറായി തിരൂർ, പാലക്കാട് ഭാഗങ്ങളിൽ വരെ ഭരണപരമായ ചുമതലകളുണ്ടായിരുന്നുവെന്നാണ് ഈ രണ്ട് പുസ്തകങ്ങളും വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് വെള്ളനമ്പൂതിരി തൻറെ ചരിത്ര രേഖയിൽ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്:

  കൊല്ലവർഷം 949ൽ ഹൈദരലിയിൽ നിന്ന് ഒരു ആക്രമണം ഒഴിവക്കാൻ പുതിയ സാമൂതിരിയുമായി പാലക്കാട് ജില്ലയിൽ വെച്ച് നടന്ന സന്ധി സംഭാഷണത്തിന് ചാവക്കാട്ടുകാരനായ ഹൈദ്രോസ് കുട്ടിയേയും വെട്ടത്തു നാട്ടിലെ മണ്ടായപുറത്ത് കൃഷ്ണമേനോനെയുമാണ് ഹൈദരലി ചുമതലപ്പെടുത്തിയത്.

ഹൈന്ദവരുമായി ബന്ധപ്പെട്ട് മാത്രമല്ല ക്രൈസ്തവരുടെ കാര്യത്തിലും മണത്തല ഹൈദ്രോസ് കുട്ടി മൂപ്പുരുടെ കാരുണ്യ ഹസ്തം നീണ്ട ചരിത്രമുണ്ട്.

(ഖാസിം സെയ്ദ് എഴുതി ഉടൻ പുറത്തിറങ്ങുന്ന ചാവക്കാടിൻറെ ചരിത്രമായ ‘തീരദേശ മലബാർ: ചരിത്രവും സമൂഹവും’  എന്ന പുസ്കത്തിൽ നിന്ന്.)

ഉടൻ വായിക്കാം – ടിപ്പുവും ഹൈദ്രോസ്സ് കുട്ടി മൂപ്പരും തമ്മിലുള്ള യുദ്ധം – യാഥാർഥ്യമെന്ത് 

കൃസ്ത്യൻ സഭയുമായുള്ള ഹൈദ്രോസ് കുട്ടി മൂപ്പരുടെ ബന്ധം വരും ഭാഗങ്ങളിൽ തുടർന്ന് വായിക്കാം

Jan oushadi muthuvatur

Comments are closed.