ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ഇന്നോവ കാറിടിച്ച് അപകടം. രണ്ടു കുട്ടികൾ മരിച്ചു, ഒൻപതു പേർക്ക് പരിക്ക്. വിശ്വനാഥ ക്ഷേത്രത്തിനു കിഴക്ക് വശം താമസിക്കുന്ന ഉണ്ണികൃഷ്‍ണൻ മകൻ കാണാക്കൊട്ടു സ്കൂൾ വിദ്യാർത്ഥിയുമായ അമൽ കൃഷ്ണ(5), വടക്കേകാട് ആറ്റുപുറം വലിയപുരക്കൽ കബീർ മകൻ ആദിൽ (4) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. അമിത വേഗതയിൽ വന്ന ഇന്നോവ കാർ ബസ്സ്‌ കാത്തു നിൽക്കുകയായിരുന്ന അമൽ കൃഷ്ണ നെയും അമ്മ സുജീഷ (30) യെയും ഇടിച്ചു തെറിപ്പിച്ച് റോഡരികിലെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് വാഹനത്തിലുണ്ടായിരുന്ന ആദിൽ കൊല്ലപ്പെട്ടത്. വാഹനത്തിലെ യാത്രികരായ ഒരു വയസ്സുകാരി ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ ആദിൽ ന്റെ മാതാവ് ബിൻസി (32) യെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.
ആഷിഖ് (11), ഷക്കീല (26), അബൂബക്കർ (60), സനീഷ് (30), സുമിന (26), അസ്മി (1), ഹൈറുനീസ (41), ഷമീറ (32), അമൽ കൃഷ്‌ണയുടെ അമ്മ സുജീഷ എന്നിവരെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദിലിന്റെ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും അമൽ കൃഷ്‌ണയുടെ മൃതദേഹം രാജാ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുന്നു.

തിരുവത്ര ലാസിയോ ആമ്പുലൻസ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.