Header

മാലിന്യകുപ്പയായി മാറിയ മാന്‍ ഹോളുകള്‍ മാറ്റിത്തുടങ്ങി

ഗുരുവായൂര്‍: ഔട്ടര്‍ റിങ്ങ് റോഡിനരികില്‍ കിടന്നിരുന്ന അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ ഹോളിനുള്ള കോണ്‍ക്രീറ്റ് റിങ്ങുകള്‍ വാട്ടര്‍ അതോറിറ്റിയുടെ കരാറുകാര്‍ മാറ്റി തുടങ്ങി. മാലിന്യകുപ്പയായി മാറിയ മാന്‍ ഹോളുകള്‍ അടിയന്തിരമായി നീക്കണമെന്ന നഗരസഭയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് മാന്‍ ഹോളുകള്‍ നീക്കാന്‍ തുടങ്ങിയിട്ടുള്ളത്. മഞ്ചിറ റോഡിലുള്ള നഗരസഭയുടെ സ്ഥലത്തേക്കാണ് ഇപ്പോള്‍ റിങ്ങുകള്‍ മാറ്റുന്നത്. നേരത്തെ പണിത റിങ്ങുകളും ഇവിടെ കിടക്കുന്നുണ്ട്. റോഡരികിലെ റിങ്ങുകളെല്ലാം ഇവിടെ കൂട്ടിയിട്ട ശേഷം പടിഞ്ഞാറെ നടയിലെ ദേവസ്വം വക സ്ഥലത്തേക്ക് മാറ്റുമെന്ന് കരാറുകാരന്‍ പറഞ്ഞു. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാരിയര്‍ എന്നിവര്‍ റിങ്ങ് മാറ്റുന്ന നടപടികള്‍ നിരീക്ഷിക്കാനുണ്ടായിരുന്നു. റിങ്ങുകള്‍ പൊക്ലൈന്‍ ഉപയോഗിച്ച് ലോറിയിലേക്ക് കയറ്റുന്നതിനിടെ തകര്‍ന്നത് അവയുടെ ബലത്തെ കുറിച്ച് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. റോഡില്‍ കുഴിച്ചിട്ട മാന്‍ ഹോളുകളെ അവസ്ഥയെ കുറിച്ചാണ് ആശങ്ക. കക്കൂസ് മാലിന്യം അടക്കമുള്ളവ എത്തുന്ന മാന്‍ ഹോളുകളാണിത്. പൈപ്പിടല്‍ പരിശോധിക്കാനെത്തിയ വിജിലന്‍സ് സംഘം റിങ്ങുകള്‍ അതാത് സ്ഥലത്തുവെച്ചു തന്നെ വാര്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കരാറുകാരന്‍ ഗൗനിച്ചിരുന്നില്ല.

Comments are closed.