ചാവക്കാട് : മുനക്കകടവ് അഴിമുഖത്ത് വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10.30 ഓടെ ഏങ്ങണ്ടിയൂർ പുലിമുട്ടിന് തെക്ക് ഭാഗത്ത് നിന്നാണ് മുനക്കക്കടവ് ഇഖ്ബാൽ നഗർ പുതുവീട്ടിൽ ഹംസക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിലെത്തിച്ച ശേഷം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് ഹംസക്കുട്ടിയും(56) മകൻ ഷെഫീക്കും (25) മൽസ്യ ബന്ധനം നടത്തുകയായിരുന്ന ചെറുവഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞത്. ഷെഫീക്ക് നീന്തിക്കയറി എങ്കിലും ഹംസക്കുട്ടിയെ കാണാതാവുകയായിരുന്നു. അഴിമുഖത്തെ പുലിമുട്ടിനടുത്ത് വെച്ചായിരുന്നു അപകടം.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഖബറടക്കം നടത്തും.