മങ്കിപോക്സ് – യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്
ചാവക്കാട് : കുരങ്ങു വസൂരി (മങ്കിപോക്സ്) ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി ആയ 22 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
യു എ ഇ യിൽ നിന്നും രോഗം സ്ഥിരീകരിച്ചാണ് ഇയാൾ നാട്ടിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. മങ്കി പോക്സ് മൂലം സാധാരണ മരണം ഉണ്ടാകാറില്ല.
ജൂലൈ 21 ന് യു എ ഇ യിൽ നിന്നും എത്തിയ ഇയാള്‍ മൂന്ന് ദിവസം മുന്‍പാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.
ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ.
കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ൽ കോംഗോയിലാണ് മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കൻപോക്സിനു സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. പരോക്ഷമായി രോഗികളുമായി സമ്പർക്കമുണ്ടായവർ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.
വൈറസ് ബാധയേറ്റാലും ലക്ഷണം കാട്ടിത്തുടങ്ങാൻ 6 മുതൽ 13 ദിവസമെടുക്കും. ഇതു 5–21 ദിവസം വരെ നീളാം. രോഗം 2 മുതൽ 4 ആഴ്ച വരെ തുടരാം.
വൈറസ് ബാധയെ തുടർന്നുള്ള പാടുകൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നതിനു 2 ദിവസം മുൻപു മുതൽ ഇത് ഇല്ലാതാകുന്നതു വരെ വൈറസ് മറ്റുള്ളവരിലേക്കു പടരാം.
മങ്കിപോക്സ് ഏറ്റവും ഗുരുതരമാകുക കുട്ടികളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലുമുള്ളവരിലുമാണ്. ഐസലേഷനിലായിരിക്കെ, കാഴ്ച മങ്ങുന്നതും ശ്വാസം തടസപ്പെടുന്നതും കരുതലോടെ കാണണം. മൂത്രത്തിന്റെ അളവ് കുറയുന്നതും മന്ദതയും ആഹാരം കഴിക്കാൻ തോന്നാത്താതും ശ്രദ്ധിക്കണം
പിസിആർ പരിശോധന സാധ്യമാകുന്ന ഏതു ലബോറട്ടറിയിലും മങ്കിപോക്സ് പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങി സാംപിൾ ലാബിലെത്തിച്ചുള്ള പിസിആർ പരിശോധനയും ജനിതക ശ്രേണീകരണവും വഴിയാണ് സ്ഥിരീകരണം. പോസിറ്റീവാകുന്ന എല്ലാ സാംപിളുകളും പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം.
Comments are closed.