കാലവര്‍ഷക്കെടുതി- ദുരിതബാധിതരെ കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം എൽ എ

ചാവക്കാട് : കാലവര്‍ഷത്തോടനുബന്ധിച്ച് നടത്തേണ്ട അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷത്തില്‍ കടപ്പുറം, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ കടലേറ്റമുണ്ടെന്നും ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതായ സാഹചര്യം നിലവിലില്ലെന്നും പഞ്ചായത്ത് സെക്രട്ടറിമാര്‍ യോഗത്തെ അറിയിച്ചു. കാലവര്‍ഷത്തിന്‍റെ ഭാഗമായി തകര്‍ന്ന വീടുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ചാവക്കാട് തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വലിയ രീതിയില്‍ ഇലക്ട്രിക്ക് പോസ്റ്റുകള്‍ക്ക് തകരാര്‍ വന്നതിനാല്‍ വലിയ രീതിയിലുള്ള വൈദ്യുതി തടസ്സങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായതായും വൈദ്യുതി പുന.സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായും കെ.എസ്.ഇ.ബി അസി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാകുന്നതിന് ഫയര്‍ഫോഴ്സ് ഓഫീസര്‍ക്കും സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കുടിവെള്ളം തടസ്സമില്ലാതെ ലഭിക്കുന്നുവെന്ന് വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ഉറപ്പുവരുത്തണമെന്നും ആവശ്യമായ അനുമതി ജില്ലാകളക്ടറില്‍ നിന്നും ലഭ്യമാക്കുവാനും എം.എല്‍.എ ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടാകുന്നതായും നാഷണല്‍ ഹൈവേ സര്‍വ്വീസ് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായതായും യോഗം വിലയിരുത്തി. അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ എം.എല്‍.എ അതൃപ്തി രേഖപ്പെടുത്തി. ചാവക്കാട് ചേറ്റുവ ബൈപ്പാസില്‍ 85 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കാന നിര്‍മ്മാണം അടിയന്തിരമായി തുടങ്ങുന്നതിനും ബൈപ്പാസ് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും പൊതുമരാമത്ത് എന്‍.എച്ച് വിഭാഗത്തിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. വെള്ളം ഒഴുകിപോകുന്നതിന് തടസ്സമായിട്ടുള്ള കൃഷി വകുപ്പിന്‍റെയും ജലസേചന വകുപ്പിന്‍റെയും എല്ലാ ലോക്കുകളും സ്ലൂയിസുകളും അടിയന്തിരമായി തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി അസി.ഡയറക്ടര്‍, ഇറിഗേഷന്‍ വകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ എന്നിവര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.

അവലോക യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.വി സുരേന്ദ്രന്‍, ബിന്ദു സുരേഷ്, ജാസ്മിന്‍ ഷഹീര്‍, എന്‍.എം.കെ നബീല്‍, സാലിഹ ഷൌക്കത്ത്, വിജിത സന്തോഷ്, ചാവക്കാട് തഹസില്‍ദാര്‍ കിഷോര്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നിയോജക മണ്ഡലം നോഡല്‍ ഓഫീസറുമായ വര്‍ഗ്ഗീസ്, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, പൊതുമരാമത്ത്, പോലീസ്, റവന്യു, ഫയര്‍ഫോഴ്സ്, ഫിഷറീസ്, കെ.എസ്.ഇ.ബി, കെ.ഡബ്ലിയു.എ, തുടങ്ങിയവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.