പുന്നയൂർക്കുളം : പഞ്ചായത്തിന്റ തീരദേശ മേഖലയിൽ അമ്മ വായനക്ക് തുടക്കമായി. പഞ്ചായത്തിലെ സാക്ഷരതാ തുടർവിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് അമ്മ വായന സംഘടിപ്പിച്ചത്. തീരദേശ വാർഡുകളിലെ അക്ഷര സാഗരം പഠനകേന്ദ്രങ്ങൾ വഴിയാണ് അമ്മ വായന നടപ്പിലാക്കുന്നത്. കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ലൈബ്രറി പുസ്തകങ്ങൾ വായനക്കായി അമ്മമാർക്ക് വിതരണം ചെയ്തു. വായന കഴിഞ്ഞ് പുസ്തകങ്ങൾ തിരിച്ച് ഏൽപ്പിക്കുമ്പോൾ പുതിയവ നൽകും. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ പഠിതാക്കൾക്ക് ഓരോ ദിവസവും ഒരു കഥ സാക്ഷരതാ ടീച്ചർ വായിച്ചു കേൾപ്പിക്കും. കുമാരൻപടിയിൽ നടന്ന അമ്മ വായന പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അദ്ധ്യാപിക പി കെശാന്ത, പി എൻ പണിക്കർ അനുസ്മരണം നടത്തി. സാക്ഷരതാ പ്രേരക് ബിജോയ് പെരുമാട്ടിൽ, സാക്ഷരതാ ഇൻസ്ട്രക്റ്റർ ദിവ്യ സുജിത്ത്, സി.ഡി.എസ് അംഗം എൻ.വി ബിന്ദു എന്നിവർ സംസാരിച്ചു.