ഗുരുവായൂർ  : കയ്പ്പമംഗലത്തുനിന്ന് കാണാതായ പെട്രോള്‍ പമ്പുടമയെ കൊന്നത് ശ്വാസം മുട്ടിച്ച്.   ഗുരുവായൂർ  പുത്തമ്പല്ലി രാജ പെട്രോൾ പമ്പിന് സമീപമുള്ള വൈദ്യരത്നം ഔഷധ ശാലക്ക് സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ കെ മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കയ്പമംഗലം വഴിയമ്പലത്തെ മൂന്നുമുറി ഫ്യൂവൽസ് പെട്രോള്‍ പമ്പ് ഉടമസ്ഥനാണ് മനോഹരൻ. തിങ്കളാഴ്ച രാത്രി രണ്ട് മണിയോടെ പമ്പിൽ നിന്ന് തിരിച്ചെത്തേണ്ട മനോഹരനെ കാണാതായതോടെയാണ് വീട്ടുകാര്‍ പോലീസിൽ വിവരമറിയിച്ചത്. രാത്രി പത്തുമണിയോടെയാണ് മനോഹരൻ പമ്പിലേയ്ക്ക് പോയത്. തുടര്‍ന്ന് രണ്ട് മണിയ്ക്ക് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സാര്‍ കാറിൽ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു  മറുപടി. ഇതിനു പിന്നാലെ കാറിൽ തട്ടുന്ന ശബ്ദവും കേട്ടു. ഫോൺ കട്ടാകുകയും ചെയ്തു. എന്നാൽ പിന്നീട് വീണ്ടും വിളിച്ചപ്പോള്‍ ആരും ഫോണെടുത്തില്ല. തുടര്‍ന്ന് ഫോൺ സ്വിച്ച് ഓഫാകുകയും ചെയ്തു. ഇതോടെ മകൾ പമ്പിൽ നേരിട്ട് ചെന്ന് അന്വേഷിക്കുകയായിരുന്നു. കൈപ്പമംഗലം പൊലീസിൽ പരാതിയും നൽകി. ചൊവ്വാഴ്ച രാവിലെ നടക്കാൻ പോകുന്നവരാണ് മൃതദേഹം  കണ്ടെത്തിയത്. മനോഹരൻ വീട്ടിൽ നിന്നിറങ്ങിയപ്പോള്‍ സഞ്ചരിച്ചിരുന്ന കാറും ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും പേഴ്സും പമ്പിലെ കളക്ഷൻ പണം സൂക്ഷിച്ചിരുന്ന ബാഗും കാണാതായിട്ടുണ്ട്. കെഎൽ 47 ഡി 8181 നമ്പറിലുള്ള കാറാണ് കാണാതായത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മനോഹരന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു.  ഇരുകൈകളും പിറകിലേയ്ക്ക് കെട്ടിയിരുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. കൈകള്‍ കൂട്ടിയൊട്ടിക്കാൻ ഉപയോഗിച്ച വലിയ ടേപ്പും സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.  ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കമീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്ര, എ.സി.പി ബിജു ഭാസ്‌കര്‍, സി.ഐമാരായ സി. പ്രേമാനന്ദകൃഷ്ണന്‍, കെ.സി. സേതു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തെത്തിയ പോലീസ് ഡോണ നായ മണം പിടിച്ച് മമ്മിയൂര്‍ ജങ്ഷന്‍ വരെ ഓടിയ ശേഷം നിന്നു. പി.പി. സൗഫിനയുടെ നേതൃത്വത്തില്‍ മൃതദേഹം കിടന്ന ഭാഗത്ത് ശാസ്ത്രീയ പരിശോധനകള്‍ നടത്തി. വിരലടയാള വിദഗ്ധന്‍ കെ.പി. ബാലകൃഷ്ണനും തെളിവുകള്‍ ശേഖരിച്ചു. ഗീതയാണ് മരിച്ച മനോഹരന്‍റെ ഭാര്യ. മക്കളായ ലാൽ, അനൂപ് എന്നിവര്‍ ലണ്ടനിലാണ്. ലക്ഷ്മിയാണ് മകള്‍.