Header

ദേശീയപാത വികസനം – കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം

ചാവക്കാട് : നാഷണൽ ഹൈവേ 66 ന് വേണ്ടി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലത്തിനും, വീടുകൾക്കും, കെട്ടിട ഉടമയ്ക്കും മതിയായ നഷ്ട്ടപരിഹാരം നൽകുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെയും, തൊഴിലാളികളുടെയും കാര്യത്തിൽ ന്യായമായ നഷ്ട്ടപരിഹാരം നിശ്ചയിക്കാത്ത നിലപാടിനെതിരെ കൂട്ടായ്മ രൂപീകരിച്ചു. വർഷങ്ങളുടെ അധ്വാനവും ചെലവുംകൊണ്ട് ഉണ്ടാക്കിയെടുത്തിട്ടുള്ള വ്യാപാരികളുടെ വികസന സ്വപനങ്ങളെ, ഹൈവേയുടെ പേരിൽ അധികാരികൾ തകർക്കുകയാണ്. പകരം നാടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനോടൊപ്പം വ്യാപാരികളെകൂടി പരിഗണിച്ചുകൊണ്ടുള്ള ന്യായമായ നഷ്ട്ടപരിഹാര പാക്കേജ് ഗവണ്മെന്റ് ഉടൻ പ്രഖ്യാപിക്കണമെന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ കൂട്ടായ്മ ആവിശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും, വ്യവസായ മന്ത്രിക്കും, ജില്ലാ കളക്ട്ടർക്കും നിവേദനം നൽകുവാനും തീരുമാനിച്ചു.

ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത്നിന്ന് പിഴുതെറിയപ്പെടുന്ന വാഴക്കും, കറമൂസിനും, കവുങ്ങിനും, തെങ്ങിനും വരെ ന്യായമായ വില നൽകുന്നുണ്ട്. കെട്ടിടങ്ങൾക്ക് മൂന്നിരട്ടി വിലനൽകി ഭൂഉടമകളെ സർക്കാർ പരിഗണിക്കുമ്പോൾ ഒരു പുരുഷായുസ്സ് മുഴുവൻ സമൂഹത്തിന് വേണ്ടി സേവനം അനുഷ്ട്ടിച്ച് കച്ചവടം ചെയ്ത വ്യാപാരികളെയും തൊഴിലാളികളെയും അവരെ ആശ്രയിച്ചു ജീവിക്കുന്ന അവരുടെ കുടുംബത്തെയും പട്ടിണിയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വ്യാപാരികളുടെ പുനരദിവസത്തിന് നിലവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തുക വ്യാപാര സ്ഥാപനത്തിന്റെ കാലപ്പഴക്കമോ സ്ഥാപനത്തിന്റെ വലുപ്പമോ ചിലവോ ഒന്നും പരിഗണിച്ചുള്ളതല്ല. ആയിരങ്ങൾ ചിലവഴിച്ചു കച്ചവടം ചെയ്യുന്നവനും ലക്ഷങ്ങൾ ചിലവഴിച്ചു കച്ചവടം ചെയ്യുന്നവനും 75,000 രൂപയാണ് നൽകുന്നത്. ഇത് തികച്ചും ആശാസ്ത്രീയവും അപര്യാപ്തവുമാണ്. പ്രഖ്യാപിച്ച തുക ഇതുവരെ പലർക്കും ലഭിച്ചിട്ടുമില്ല.

കൂട്ടായ്മയുടെ ഭാരവാഹികളായി അബ്ദുനാസ്സർ (പ്രസിഡന്റ്‌),
മോഹനൻ (വൈസ് പ്രസിഡന്റ്‌),
ഹസീബ് (സെക്രട്ടറി), ഉമ്മർ (ജോയിൻ സെക്രട്ടറി ), അലി (ട്രഷറർ),
കമ്മറ്റി അംഗങ്ങളായി അബൂബക്കർ, റീന മുരളി, സിന്ധു, റഫീഖ്, ഷറഫുന്നീസ എന്നിവരെ തിരഞ്ഞെടുത്തു.

thahani steels

Comments are closed.