ഗുരുവായൂര്‍ : നഗരസഭയില്‍ ജൈവപച്ചക്കറി കൃഷിയുടെ പ്രചരണാര്‍ത്ഥം നഗരസഭ ഒരുക്കുന്ന നാട്ടുപച്ചക്ക് വര്‍ണാഭമായ തുടക്കം. ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് നഗരസഭ ഒരുക്കുന്ന ജൈവപച്ചക്കറി ചന്തയുടെ ഭാഗമായുളള നാട്ടുപച്ചയില്‍ പ്രദര്‍ശിപ്പിക്കുതിനായി 3000 ഗ്രോബാഗുകളാണ് ഒരുങ്ങുന്നത്. വെണ്ട, വഴുതിന, പലതരം മുളകുകള്‍, തക്കാളി, പയര്‍, ഇഞ്ചി, മഞ്ഞള്‍, വിവിധ ഇനം ഔഷധസസ്യങ്ങള്‍ എന്നിവയാണ് ഗ്രോബാഗുകളില്‍ നടുന്നത്. പ്രൈവറ്റ് ബസ്സ്റ്റാന്റ് ഗ്രൗണ്ടില്‍ ഓണത്തോടനുബന്ധിച്ച് സജ്ജീകരിക്കുന്ന നാട്ടുപച്ചയില്‍ ഇവ പ്രദര്‍ശനത്തിനായി ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ടൗഹാളില്‍ ഒരുക്കിയിരിക്കുന്ന ഗ്രോബാഗുകളില്‍ പച്ചക്കറിതൈകള്‍ നട്ട് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം.രതി,  ആര്‍.വി മജീദ്, ഷൈലജ ദേവന്‍, നഗരസഭ സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ പോള്‍ തോമസ് എന്നിവര്‍ സംസാരിച്ചു.