എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് – ഭരകൂട വേട്ടയെന്ന് എസ് ഡി പി ഐ

ചാവക്കാട്: സൗത്ത് പാലയൂരിൽ എസ്.ഡി.പി.ഐ മുനിസിപ്പൽ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ച പരിശോധന രാവിലെ ഒമ്പത് മണിയോടെയാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫാമിസ് എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു എന്നാണ് സൂചന. ചാവക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

പാലക്കാട് ശ്രീനിവാസൻ വധക്കേസിലും പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകളിലും ഉൾപ്പെട്ട, ഇതുവരെ പിടികൂടാൻ കഴിയാത്ത പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് വിവരം. ഒളിവിലുള്ള പ്രതികളുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. റെയ്ഡിന്റെ കൃത്യമായ കാരണങ്ങളെക്കുറിച്ചും വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെക്കുറിച്ചും ഔദ്യോഗിക വിവരങ്ങൾ എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല.
എസ്ഡിപിഐ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ എൻ ഐ എ നടത്തിയ റെയ്ഡ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്ന് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

Comments are closed.