എല്ലാം തൂക്കിയെടുത്ത് എറിയും എന്നത് മാധ്യമ ഭാഷ്യം – കരോൾ വിഷയത്തിൽ തുടർ നടപടികളോ പ്രസ്ഥാവനാകളോ ഉണ്ടാവില്ലെന്ന് പാലയൂർ പള്ളി അധികാരികൾ
ചാവക്കാട് : പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് ഭീഷണിപ്പെടുത്തി മുടക്കിയെന്നത് തെറ്റായ പ്രചരണം. പോലീസ് ഇടപെടലിനെ തുടർന്ന് പള്ളി കോമ്പൗണ്ടിൽ നടത്താനിരുന്ന കരോൾ ആലാപനം ഹാളിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
ഇന്നലെ രാത്രി ഒൻപതുമണിമുതൽ പത്തുമണിവരെ പള്ളി കോമ്പൗണ്ടിൽ കരോൾ ആലാപനം നടത്താൻ തീരുമാനിച്ചിരുന്നു. ജാതി മത ഭേദമന്യേ നിരവധിപേർ പങ്കെടുക്കാറുള്ളത് കൊണ്ടാണ് ഈ പ്രോഗ്രാം ഓപ്പൺ സ്പേസിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ രാത്രി എട്ടരമണിയോടെ എസ് ഐ വിജിത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് പള്ളിയിൽ എത്തുകയും വികാരിയച്ചനെ വിളിച്ചു സംസാരിക്കുകയും ചെയ്തു. പോലീസ് അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ച് പരിപാടി നടത്തിയാൽ നടപടി സ്വീകരിക്കുമെന്ന് എസ് ഐ വികാരിയച്ചനെ ബോധ്യപ്പെടുത്തി. പതിനഞ്ചു മിനിറ്റോളം വികാരിയച്ചൻ പോലീസുമായി മാന്യമായി സംസാരിച്ചു. എസ് ഐ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പിന്നീട് പരിപാടി നടത്തിക്കോളാൻ പറഞ്ഞെങ്കിലും, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മൈക്കും ഉപകരണങ്ങളും പിടിച്ചെടുക്കുമെന്നും സംഘാടകരുടെ പേരിൽ കേസ് എടുക്കുമെന്നും പറഞ്ഞാണ് എസ് ഐ വിജിത്ത് തിരിച്ചുപോയത്.
പിന്നീട് കമ്മറ്റിക്കാർ പോലീസ് സ്റ്റേഷനിൽ എത്തി ചർച്ച നടത്തുകയും മേലധികാരികളുമായി ബന്ധപ്പെടുകയും ചെയ്തതിനെ തുടർന്ന് അനുമതി ലഭിച്ചെങ്കിലും സമയം വൈകിയതിനെ തുടർന്ന് കരോൾ ആലാപനം ഹാളിൽ വെച്ച് നടത്തു കയായിരുന്നു.
എന്നാൽ പോലീസ് ജീപ്പ് പള്ളി കോമ്പൗണ്ടിൽ പ്രവേശിക്കുകയും സ്റ്റേജിന് മുന്നിൽ പാർക്ക് ചെയ്ത ജീപ്പിന് അരികിലേക്ക് വികാരിയച്ചനെ വിളിച്ചു വരുത്തുകയും പോലീസ് ജീപ്പിൽ ഇരുന്നു തന്നെ എസ് ഐ അച്ഛനുമായി സംസാരിക്കുകയും ചെയ്തത് വിശ്വാസികളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.
എല്ലാം തൂക്കിയെടുത്ത് ഏറിയും എന്ന പ്രയോഗം എസ് ഐ നടത്തിയതായുള്ള പ്രചരണം മാധ്യമ സൃഷ്ടിയാണെന്നാണ് പള്ളി അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ഈ വിഷയവുമായി തുടർ നടപടികളോ പ്രസ്ഥാവനാകളോ ഉണ്ടാവില്ലെന്നാണ് പാലയൂർ പള്ളി മേലാധികാരികളുടെ നിലപാട്.
Comments are closed.