ചാവക്കാട്: നഗരസഭാ മുൻ ചെയർമാൻ കെ.പി. വത്സലൻ സ്മാരക എൻഡോവ്‌മെന്റ് വിതരണവും പ്രതിഭാസംഗമവും നടന്നു. മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് മാത്രമല്ലെന്നും സർക്കാരിനും ഇക്കാര്യത്തിൽ ഏറെ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. അധ്യക്ഷനായി. മത്സ്യത്തൊഴിലാളി, ബീഡിത്തൊഴിലാളി, ചുമട്ടുതൊഴിലാളി, പട്ടികജാതി എന്നീ വിഭാഗങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി.

10,12 ക്ലാസുകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ വിദ്യാർഥികൾ, നഗരസഭാ പരിധിയിൽ താമസിക്കുന്നവരും എന്നാൽ പുറത്തെ സ്‌കൂളുകളിൽ പഠിക്കുകയും ചെയ്യുന്ന വിദ്യാർഥികൾ, മികച്ച വിജയം വരിച്ച സ്‌കൂളുകളിലെ പ്രധാനാധ്യാപകർ എന്നിവരെയും അനുമോദിച്ചു.

നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, വൈസ് ചെയർപേഴ്‌സൻ മഞ്ജുഷ സുരേഷ്, എം. കൃഷ്ണദാസ് , പി. മുഹമ്മദ് ബഷീർ, ജലീൽ വലിയകത്ത്, തോമസ് ചിറമ്മൽ, ലാസർ പേരകം, കെ.എസ്. അനിൽകുമാർ, ഇ.പി. സുരേഷ് കുമാർ, എ.സി. ആനന്ദൻ, കെ. പ്രേംചന്ദ്, പി.കെ. സെയ്താലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.