വാർഡ് 14 ൽ നൗഷാദ് തെക്കുംപുറം നാമനിർദേശ പത്രിക സമർപ്പിച്ചു – എൽ ഡി എഫ് / യു ഡി എഫ് വിജയ സാധ്യതക്ക് മങ്ങൽ

പാലയൂർ : ചാവക്കാട് നഗരസഭ വാർഡ് 14 സ്വതന്ത്ര സ്ഥാനാർത്ഥിയായി നൗഷാദ് തെക്കുംപുറം നാമനിർദേശ പത്രിക സമർപ്പിച്ചു. ചാവക്കാട് നഗരസഭയിൽ എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ തൃകോണ മത്സരം നടക്കുന്ന ഏക വാർഡാണ് തെക്കേ പുന്നയൂർ ഉൾകൊള്ളുന്ന വാർഡ് 14. 2015 ലെ നഗരസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എത്തുകയും എൽ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു. യു ഡി എഫ് മേൽക്കോയ്‌മ നിലനിൽക്കുന്ന വാർഡാണെങ്കിലും മൂന്ന് മുന്നണികളും വോട്ടു നിലയിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.

എൽ ഡി എഫി ന്റെ സി പി എം സ്ഥാനാർത്ഥി അക്ബർ കോനോത്തും യു ഡി എഫി ന്റെ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ മുഹമ്മദ് ഹാഫിസും എൻ ഡി എ സ്ഥാനാർത്ഥിയായി ബി ജെ പി യുടെ പ്രസന്നൻ കാരയിലുമാണ് മത്സരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയെക്കാൾ 58 വോട്ടുകൾ കൂടുതൽ നേടി 337 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി സുപ്രിയ രാമചന്ദ്രൻ കഴിഞ്ഞതവണ വിജയിച്ചത്. സുപ്രിയ രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വമാണ് 2015 ൽ രണ്ടാം സ്ഥാനത്ത് വന്ന ബിജെപിയെ 2020ൽ മൂന്നാം സ്ഥാനത്തേക്ക് തള്ളാൻ കാരണമായത്. പൗരാവകാശ വേദി ജില്ല പ്രസിഡണ്ടും ചക്കംകണ്ടം മാലിന്യ വിഷയമടക്കം ജനകീയ സമരങ്ങളിലെ മുന്നണി പേരാളിയുമായ നൗഷാദ് തെക്കുംപുറത്തിനു ഏറെ ജന സ്വാധീനമുള്ള മേഖലയാണ് തെക്കേ പാലയൂർ.
സാധാരണക്കാരെ ചേർത്ത്പിടിക്കുന്ന സാമൂഹ്യ പ്രവർത്തകൻ എന്ന വിശേഷണവും നൗഷാദിനുണ്ട്. യു ഡി എഫിനും എൽ ഡി എഫിനും ലഭിക്കേണ്ട ഗണ്യമായ വോട്ടുകൾ നൗഷാദ് തെക്കുംപുറത്തിന് ലഭിക്കും എന്നാണ് നിരീക്ഷണം. ഇത് യു ഡി എഫ്, എൽ ഡി എഫ് മുന്നണികളുടെ വിജയസാധ്യതക്ക് മങ്ങലേൽപ്പിക്കും. നൗഷാദ് തെക്കുംപുറത്തിന്റെ സ്ഥാനാർഥിത്വം എൻ ഡി എ മുന്നണിക്ക് ഏറെ ഗുണം ചെയ്യും.

Comments are closed.