Header

ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം ഒറ്റ യുടെ താളം മുരശിന്റെ പെരുക്കം

ചാവക്കാട് :  ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം, ഒറ്റ യുടെ താളം, മുരശിന്റെ പെരുക്കം. മുട്ടുംവിളി, പഴയകാല ഓർമ്മകളെ പുതുതലമുറയോട് ചേർത്ത് വെക്കുന്ന തികച്ചും വ്യത്യസ്ഥമായ മേളം. ചന്ദനക്കുടം നേര്‍ച്ച വിളംബരം ചെയ്തുകൊണ്ടുള്ള മുട്ടുംവിളിക്ക്  മകരം ഒന്നിന് തുടക്കമായി. ജാറത്തിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മുട്ടുംവിളി ആരംഭിച്ചത്. മകരം 15 വരെ ഷഹനായിയുടെ സ്വരമാധുര്യത്തില്‍  ഉഹുദ്, ബദര്‍ പാട്ടുകളുടെ ഇശലുകള്‍ ചാവക്കാടിന്റെ  നാട്ടുവഴികളെ ധന്യമാക്കും.

49 വര്‍ഷമായി പാലക്കാട് ബദരിയ്യ മുട്ടുംവിളിസംഘം  മുട്ടുംവിളി നടത്തുന്നത്. ഉസ്താദ് മുഹമ്മദ് ഹുസൈന്റെ  ഷഹനായിയിലെ ഈണങ്ങള്‍ക്ക്  അദ്ദേഹത്തിന്റെ പേരക്കുട്ടിയും ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അൽസാം, അബൂബക്കർ എന്നിവര്‍ മുരശിലും, മൂസ ഡോളിലും, മുഹമ്മദ്‌ കുട്ടി ഒറ്റയിലും താളമിടും.

ചാവക്കാടിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴുവന്‍ വീടുകളിലും മുട്ടുംവിളി സംഘം നേര്‍ച്ച വിളംബരം നടത്തും. ചന്ദനക്കുടം നേര്‍ച്ചയുടെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ചയെ  പള്ളിയിലേക്ക് ആനയിക്കുന്നതും മുട്ടുവിളി വാദകരായിരിക്കും.

thahani steels

Comments are closed.