ചാവക്കാട്: തീരമേഖലയിൽ വിൽപ്പനക്കെത്തിയ 12 കിലോ കഞ്ചാവുമായി തമിഴ് നാട് സ്വദേശി അറസ്റ്റിൽ. മൂന്ന് തവണയായി ഒരു മാസത്തിനുള്ളിൽ ചാവക്കാട് സി.ഐ പിടികൂടുന്നത് 24 കിലോ.
കോയമ്പത്തൂര്‍ സെട്ടി വീഥി സ്വദേശി രവിയേയാണ് (53) ചാവക്കാട് സി.ഐ കെ.ജി സുരേഷിൻറെ നേതൃത്വത്തിൽ പിടിക്കൂടിയത്. ചൊവ്വാഴ്ച പകൽ ഒന്നോടെ മണത്തല മുല്ലത്തറയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മേഖലയിൽ വിതരണത്തിനായി വന്‍തോതില്‍ കഞ്ചാവെത്തുന്ന വിവരത്തെ തുടർന്ന അന്വേഷണത്തിലാണ് നീലച്ചടയൻ ഇനത്തിൽ പെട്ട 12 കിലോ കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സി. ഐ സുരേഷിൻറെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത്തെ വൻ വേട്ടയാണിത്. ഏപ്രില്‍ 27 ന് പത്ത് കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി ജില്ല ചെല്ലകട സ്വദേശി മഹീന്ദ്ര ചിഞ്ചാനി സുരേന്ദ്ര ചിഞ്ചാനിയെ (46) നഗരസഭാ ബസ് സ്റ്റാൻറ് പരിസരത്ത് നിന്നും രണ്ട് ദിവസം കഴിഞ്ഞ് രണ്ട് കിലോ കഞ്ചാവുമായി കോയമ്പത്തൂര്‍ ഉക്കടം കുനിയമുത്തൂര്‍ അണ്ണാ കോളനിയില്‍ അബ്ദുള്‍ റസാഖിനെ (42) ബ്ലാങ്ങാട് ബീച്ചിൽ വെച്ചുമാണ് പടികൂടിയത്. ഇതോടെ മേഖലയിൽ നിന്ന് മൊത്തം 24 കിലോ കഞ്ചാവാണ് പിടിയിലായത്. ചാവക്കാട് മേഖലയിൽ നിന്ന് ആദ്യമായാണ് 12 കിലോ കഞ്ചാവ് പിടികൂടുന്നത്. തീരദേശത്തെ ചില്ലറ വിൽപ്പനക്കാര്‍ക്ക് വിതരണത്തിനായെത്തിയതാണ് പിടിയിലായ കഞ്ചാവ്. മേഖലയിൽ പുന്നയൂർക്കുളം പനന്തറ, അണ്ടത്തോട്, പെരിയമ്പലം, പാപ്പാളി, അകലാട്, െതക്കേപ്പുന്നയൂർ, അവിയൂർ, വളയംതോട്, എടക്കഴിയൂർ, ബ്ലാങ്ങാട്, പുന്ന, പാലയൂർ, ഒരുമനയൂർ, മുനക്കക്കടവ് എന്നിവിടങ്ങളിലെ പ്രത്യേക സങ്കേതങ്ങലിൽ തമ്പടിച്ചാണ് കഞ്ചാവ് മാഫിയ വിലസുന്നത്. സ്കൂൾ, കോളജ് വിദ്യാര്‍ത്ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികളടക്കമുള്ളവരാണ് കണ്ണികൾ. വിൽക്കുന്നവരും പുകക്കുന്നവരും ഇവരിൽ പെട്ടവരാണ്. ഏപ്രില്‍ 27 ന് പിടിയിലായ ഒഡീഷ സ്വദേശി മഹീന്ദ്ര ചിഞ്ചാനി സുരേന്ദ്ര ചിഞ്ചാനിയിൽ നിന്നാണ് ഇപ്പോൾ പിടിയിലായ രവിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന് വലവിരിച്ച് കാത്തിരിക്കുമ്പോഴാണ് ചൊവ്വാഴ്ച്ച രാവിലെ ട്രെയിന്‍ മാര്‍ഗം രവി ഗുരുവായൂരിലെത്തുന്നത്. ട്രെയിനിറങ്ങി കച്ചവടക്കാരുമായി കരാര്‍ ഉറപ്പിച്ച് ഓട്ടോയില്‍ മണത്തല മുല്ലത്തറയിലെത്തി. ബാഗില്‍ സൂക്ഷച്ചിരുന്ന 2 കിലോ വീതം വരുന്ന 5 കവറുകളാണ് പിടിച്ചെടുത്തത്. അകലാട്, ബ്ലാങ്ങാട് ബീച്ചുകളിലെ ചിലർക്കാണ് കഞ്ചാവ് കൊണ്ടുവന്നെതെന്ന് പൊലീസ് സംശയിക്കുന്നു. മൊമബല്‍ ഫോണ്‍ വഴി ഇവരെകുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരെകുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. റൂറല്‍ എസ്.പി വിജയകുമാറിൻറെ ക്രൈംസ്‌ സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സുദേവ്, രാഗേഷ് , സി.ഐ ഓഫീസിലെ എസ്.ഐ കെ.വി മാധവന്‍, എ.എസ്.ഐ സുനില്‍, സീനിയര്‍ സി.പി.ഒ മാരായ വര്‍ഗീസ്, അബ്ദുല്‍ അസീസ്, സി.പി.ഒമാരായ സന്ദീപ്, ജോഷി, റിനീഷ് എന്നിവരാണ് കഞ്ചാവ് വേട്ടയിൽ പങ്കെടുത്തത്.