ഗുരുവായൂർ : റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 835 പോയിൻറ് നേടി ഇരിങ്ങാലക്കുട ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. തൊട്ടുപിന്നിൽ 826 പോയിൻറ് നേടി തൃശൂർ ഈസ്റ്റ് രണ്ടാമതായി. 788 പോയിൻറ് വീതം നേടിയ ചാവക്കാട് ഉപജില്ലയും തൃശൂർ വെസ്റ്റും മൂന്നാം സ്ഥാനക്കാരായി. ഇരിങ്ങാലക്കുട യു.പി വിഭാഗത്തിൽ 129 പോയിൻറും ഹൈസ്‌കൂൾ വിഭാഗത്തിൽ 317 പോയിൻറും ഹയർ സെക്കൻഡറി വിഭാഗത്തിൽ 380 പോയിൻറും നേടി.

സംസ്‌കൃതോത്സവത്തിൽ 177 പോയിൻറ് നേടി ഇരിങ്ങാലക്കുട തന്നെയാണ് ജേതാക്കളായത്. തൃശൂർ വെസ്റ്റ് 161 പോയിന്റോടെ രണ്ടും 159 പോയിന്റോടെ തൃശൂർ ഈസ്റ്റ് മൂന്നും സ്ഥാനം നേടി. അറബിക് കലോത്സവത്തിൽ 164 പോയിന്റോടെ ചേർപ്പ് ഉപജില്ലയാണ് ജേതാക്കൾ. മുല്ലശ്ശേരി 163 പോയിന്റോടെ രണ്ടും വലപ്പാട് 162 പോയിന്റോടെ മൂന്നും സ്ഥാനം നേടി.

രാത്രി എട്ട് മണിക്ക് ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്ന സമാപന സമ്മേളനം കെ. വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയർത്താൻ ഉതകുന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തതെന്ന് പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു.

ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി. എസ്. രേവതി ടീച്ചർ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ, ടി. എസ് ഷനിൽ, ശൈലജ ദേവൻ, കെ. പി വൃന്ദാകുമാരി, പി. ശോഭനകുമാരി എന്നിവർ സംസാരിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ നിർമ്മല കേരളൻ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. ഗീത നന്ദിയും പറഞ്ഞു.

കഴിഞ്ഞ നാലു ദിനങ്ങളായി പതിനാല് വേദികളിൽ കുട്ടികളുടെ താളമേളങ്ങൾക്ക് ഈണം പകർന്ന് ഗുരുവായൂർ മുഴുവൻ ഉണർന്നിരുന്നു. പന്ത്രണ്ട് ഉപജില്ലകളിൽ നിന്ന് യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നാനൂറ് സ്‌കൂളുകൾ പങ്കെടുത്തു. യു.പി വിഭാഗത്തിൽ നിന്ന് രണ്ടായിരവും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് അയ്യായിരവും വിദ്യാർത്ഥികളുമാണ് കലാമേളയിൽ മാറ്റുരച്ചത്.