ഗുരുവായൂര്‍:  റെയില്‍വേ മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ജനങ്ങളെ വിഢികളാക്കി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടി എട്ടുകാലി മമ്മൂഞ്ഞിന്റെ റോള്‍ കൈകാര്യം ചെയ്യുന്ന എം.എല്‍.എയും നഗരസഭ ചെയര്‍പേഴസനും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ പറഞ്ഞു. ഇടുപക്ഷം നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ നഗരസഭ ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ കൗണ്‍സിലര്‍മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും നിഷേധിക്കുന്നതും തുടര്‍ന്നാല്‍ ഇക്കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം മുന്‍ നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ആന്റോതോമസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ എ.ടി സ്റ്റീഫന്‍, ജോയ് ചെറിയാന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഷൈലജ ദേവന്‍, ബഷീര്‍ പൂക്കോട്, പി.എസ്.പ്രസാദ്, മാഗി ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.