Header

പോട്ട് കമ്പോസ്റ്റ് പദ്ധതിആരംഭിച്ചു

ഗുരുവായൂര്‍ : നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി  പോട്ട് കമ്പോസ്റ്റ്’ പദ്ധതി ആരംഭിച്ചു. പോട്ട് കമ്പോസ്റ്റ് പദ്ധതി നടപ്പില്‍ വരുന്നതോടെ കുടുംബശ്രീ തൊഴിലാളികള്‍ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തിവെക്കും. പകരം വീടുകളിലും ഫ്ലാറ്റുകളിലും പോട്ട് കമ്പോസ്റ്റ് സംവിധാനം  നടപ്പിലാക്കും. കളിമണ്ണുകൊണ്ട് നിര്‍മിച്ച മൂന്നു തട്ടുകളുള്ള പോട്ട് കമ്പോസ്റ്റിങ്ങ് യൂണിറ്റാണ് നഗരസഭ ഇതിനായി നല്‍കുന്നത്. ഇതൊടൊപ്പം ഇനോക്കുലം, സ്‌പ്രെയര്‍ എന്നിവയും നല്‍കും. സബ്ബ്‌സിഡി നിരക്കില്‍ 800 രൂപ നഗരസഭ ഈടാക്കും. തിരുവെങ്കിടം പ്രദേശത്തെ വീടുകളില്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പോട്ട് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കിയത് വിജയിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് നഗരസഭ പദ്ധതി ഏറ്റെടുത്തത്. മൂന്ന്അടിയോളം മാത്രം വലിപ്പമുള്ള യൂണിറ്റ് വീടിന്റെ എതു ഭാഗത്തുവേണമെങ്കിലും വെക്കാമെന്നതാണ് പ്രത്യേകത. ഇതെങ്ങനെ ഉപയോഗിക്കണമെന്നത് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ പരിശീലിപ്പിക്കും. ജൈവമാലിന്യങ്ങള്‍ പോട്ട് യൂണിറ്റില്‍ നിക്ഷേപിക്കാം. അജൈവ മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും.  ഇതിനായി മഞ്ജുളാല്‍ ഗ്രൗണ്ട്, യുപി സ്‌കൂളിന് മുന്‍വശം, പടിഞ്ഞാറെനട ഗ്രൗണ്ട്, മമ്മിയൂര്‍ ജംഗ്ഷന്‍, തൈക്കാട് ജംഗ്ഷന്‍, ആനത്താവളം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  നഗരസഭയുടെ എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലുവരെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നല്‍കി പൊതുജനങ്ങള്‍ മാലിന്യ സംസ്‌കരണത്തില്‍ സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു.  നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ പ്രൊഫ.പി.കെ. ശാന്തകുമാരി പോട്ട് കമ്പോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. ജിഷോ. എസ്. പുത്തൂര്‍ ഉപയോഗ രീതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. രതി, സുരേഷ് വാര്യര്‍, അഡ്വ. ആര്‍.വി. മജീദ്, ഷൈലജ ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.