ചാവക്കാട്: ഒരിടവേളക്ക് ശേഷം തിരുവത്ര മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ വിത്തെറിഞ്ഞു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മത്തിക്കായല്‍ പാടശേഖരത്ത് 100ഓളം കര്‍ഷകരും 110 ഏക്കര്‍ പാടശേഖരവുമാണ് ഉള്ളത്. ഇതില്‍ കൃഷിക്ക് വേണ്ടി നിലമോരുക്കിയത് 60 ഏക്കറാണ്. ഞാറുനടീല്‍ ഉത്സവം ഡിസംബര്‍ 18ന് നടത്തും. നാലര ലക്ഷം രൂപയുടെ ധനസഹായമാണ് നെല്‍കൃഷിക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. നഗരസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ പത്തിന പദ്ധതികളിലൊന്നാണ് മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തെ നെല്‍കൃഷി.
വിത്തിടലിന് ശേഷം നടന്ന പൊതുയോത്തില്‍ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷയായി. നഗരസഭാംഗങ്ങളായ എ.എ മഹേന്ദ്രന്‍, എം.ബി രാജലക്ഷ്മി, പി.ഡി സുരേഷ് ബാബു, അഡ്വ ഹസീന, മഞ്ജു കൃഷ്ണന്‍, പി.എം നാസര്‍, കൃഷി അസി.ഓഫീസര്‍ ജോഷി മോന്‍, ടി.എം ജനാര്‍ദ്ദനന്‍, മത്തിക്കായല്‍ മുട്ടില്‍ കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ ടി.എ. ഹംസഹാജി, പി.കെ ബാലന്‍, പി.പി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.