ചാവക്കാട്: തീരമേഖലയില്‍ കുടിവെള്ളക്ഷാമത്താല്‍ ജനം വലയുമ്പോള്‍ വല്ലപ്പോഴുമത്തെുന്ന വെള്ളം പൈപ്പ് പൊട്ടി പാതിവഴിയില്‍ പാഴാവുന്നതറിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.
ദേശീയ പാതയിന്‍ അകാലാട് മുഹിയുദ്ധീന്‍ പള്ളിക്കും ബദര്‍പ്പള്ളിക്കും മധ്യേയാണ് പൈപ്പ് പൊട്ടി നാല് മാസത്തിലധികമായി കുടിവെള്ളം പാഴാവുന്നത്. വെള്ളം പുറത്തേക്കൊഴുകി ഇരു ഭാഗത്തുമായി നൂറു മീറ്ററിലേറെ അകലത്തിലാണ് വെള്ളക്കെട്ടുയരുന്നത്. ഇവിടെ വെള്ളം പാഴാവുന്ന കാര്യം പല വട്ടം വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് ചേര്‍ന്ന ചാവക്കാട് താലൂക്ക് വികസന സമിതിയിലും ചര്‍ച്ചയായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലാണ് പ്രശ്നം ചര്‍ച്ചയായത്. ഉടനെ പരിഹാരം കാണുമെന്ന് ആ യോഗത്തില്‍ അവര്‍ ഉറപ്പ് നല്‍കിയിട്ട് മൂന്ന് മാസമായെങ്കിലും ഇവിടെ വെള്ളം പാഴാവുന്നതില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. റോഡിനടിയെ പൈപ്പാണ് പൊട്ടിയിട്ടുള്ളത്. വെള്ളമുയരുന്ന ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴിയില്‍ വാഹനങ്ങള്‍ ചാടി അപകടമുണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് അടയാളം വെച്ചിട്ടുണ്ട്. എന്നിട്ടും വെള്ളമൊഴുക്ക് തടയാന്‍ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. കുന്നംകുളം വാട്ടര്‍ അതോറിറ്റിയുടെ പരിധിയില്‍ പെട്ട സ്ഥലമാണിത്. തീരമേഖലയില്‍ ബദര്‍പള്ളി, എടക്കഴിയൂര്‍, എടക്കര പനന്തറ കോളനി, അവിയൂര്‍. ആലാപാലം, എടക്കഴിയൂഹര്‍, പഞ്ചവടി ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം കൊണ്ട് ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച ഡപ്യൂട്ടി കളക്ടറുടെ സാന്നിധ്യത്തില്‍ വരള്‍ച്ച നേരിടാന്‍ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. വരള്‍ച്ച കണക്കിലെടുത്ത് ശുദ്ധജലം ക്ഷാമം രൂക്ഷമായുള്ള സ്ഥലങ്ങളില്‍ ജലസംഭരണി സ്ഥാപിക്കാനും ചെറുകിട ജല വിതരണ പദ്ധതികള്‍ തുടങ്ങാനും തീരുമാനിച്ച ആ യോഗത്തിലും മേഖലയില്‍ പലയിടത്തും ജലം പാഴാവുന്ന കാര്യം ആരും സൂചിപ്പിച്ചില്ല.