പുന്നയൂർക്കുളം: മന്ദലംകുന്നിൽ നിയന്ത്രണംവിട്ട ടെംമ്പോ ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി ഒമ്പതു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 7.45നാണ് അപകടം.
മന്ദലംകുന്ന് സ്വദേശികളായ പെരുവഴി പുറത്ത് വിമൽ (22) കളത്തിങ്ങൽ നിഗിൽ (28) പൊന്തയിൽ ലനിൻ (26) പ്രഭീഷ്, രജിത്ത് പ്രജിൽ(17) അജിത്ത് (21) അനിൽ ജിത്ത് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ നാലു പേരെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മുതുവട്ടൂർ രാജ ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതക്ക് സമീപം ഒരു പറമ്പിൽ ഉത്സവത്തിന്റെ ഫ്ളക്സ് ബോർഡു കെട്ടുന്നവരുടെ ഇടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. തെക്ക് ഭാഗത്തു നിന്നും പൊന്നാന്നി ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ടെംമ്പോയാണ് അപകടം വരുത്തിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചതിനുശേഷമാണ് ലോറി പറമ്പിലേക്കുകയറിയത്. ടെംമ്പോ ഡ്രൈവർ സ്കൂൾപടി സ്വദേശി കല്ലാട്ട് വിഷ്ണു (21) പിന്നീട് വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
രാത്രി എട്ടിന് ഒറ്റയിനിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരനടക്കം മൂന്ന് പരിക്കേറ്റിരുന്നു. ഏഴ് മണിയോടെ പെരിയമ്പലത്ത് ബൈക്കില്‍ നിന്ന് വീണ് അണ്ടത്തോട് ചാലില്‍ റഫീഖ് (40)ന് പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ ഇയാളെ ആദ്യം മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പിന്നീട് തൃശൂരിലേക്കും മാറ്റി. ഒരു മണിക്കൂറിനുള്ളിൽ ദേശീയപാത 17 പൊന്നാനി റൂട്ടിൽ 4 കിലോമീറ്ററിനുള്ളിൽ 3 അപകടങ്ങളാണ് ഉണ്ടായത്. ലൈഫ് കെയർ ആംബുലൻസ് സർവീസും, നബവി ആംബുലൻസ് സർവീസും, നാട്ടുകാരും ചേർന്നാണ് അപകടങ്ങളിൽപ്പെട്ടവരെ ആശുപത്രികളിൽ എത്തിച്ചത്. വടക്കേക്കാട് പോലീസും സ്‌ഥലത്തെത്തി.