ചാവക്കാട്: പാലയൂര്‍  മഹാതീര്‍ത്ഥാടനത്തിന്റെ ഭാഗമായി മത്സ്യതൊഴിലാളികള്‍ പാലയൂര്‍ മാര്‍ത്തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തിലേക്ക് തീര്‍ത്ഥാടന പദയാത്ര നടത്തി. ക്രൂശിതരൂപവും പേപ്പല്‍ പതാകകളുമേന്തി ബ്ലാങ്ങാട് സാന്ത്വനം തീരത്ത് നിന്നും ആരംഭിച്ച പദയാത്രയില്‍ നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍ പങ്കെടുത്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി, കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നും പൂന്തുറ, പുല്ലുവിള, പുത്തന്‍തുറ, തിരുവനന്തപുരം എിവിടങ്ങളില്‍ നിന്നും എത്തി ചാവക്കാട് മേഖലയില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് പദയാത്രയില്‍ പങ്കെടുത്തത്. പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിലെത്തിയ പദയാത്രക്ക് വൈദികരും ഇടവകാംഗങ്ങളും ചേര്‍ന്നു സ്വീകരണം നല്‍കി. തുടര്‍ന്ന്  നടന്ന പ്രാര്‍ത്ഥനക്ക് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ കാര്‍മ്മികത്വം വഹിച്ചു. മത്സ്യതൊഴിലാളി ലീഡര്‍ കുളച്ചല്‍ ജാന്റോസ് പ്രഭാഷണം നടത്തി. അതിരൂപത സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ.തോമസ് പൂപ്പാടി, പാലയൂര്‍ ഫൊറോന ഫിഷര്‍മെന്‍ അസോസിയേഷന്‍ പ്രസിഡന്റ് മാത്യൂസ് ഒലക്കേങ്കില്‍, പി.കെ.ജോര്‍ജ്ജ്, സാജന്‍, രാജു, മരിചാര്‍ജ്, ജെറാള്‍ഡ് എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി.