പാലയൂര്‍ : ഭാരതത്തില്‍ ആദ്യമായി വിശ്വാസത്തിന്റെ വചനം വിതക്കപ്പെട്ട പാലയൂരില്‍ വചനപ്രഘോഷണത്തിനായി തയ്യാറാക്കിയ വചനമണ്ഡപത്തിന്റെ ആശീര്‍വാദകര്‍മ്മം അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവര്‍ക്കും ഈ വചനമണ്ഡപത്തില്‍ അവരുടെ ഭാഷയിലുള്ള ബൈബിള്‍ വായിച്ചു ആത്മീയസായൂജ്യമടയാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് വചന മണ്ഡപം ഏറെ അനുഗ്രഹപ്രദമാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ പ്രത്യേക ഉത്തരവു പ്രകാരം പാലയുരില്‍ സ്ഥാപിച്ച വിശ്വാസ കവാടത്തിനരികിലാണ് വചനമണ്ഡപം സ്ഥാപിച്ചിരിക്കുന്നത്.
തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, പാലയൂര്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഫാ ജോസ് പുലീക്കോട്ടില്‍, തീര്‍ഥകേന്ദ്രം സഹവികാരി ഫാ ജിന്റോ കുറ്റിക്കാട്ട്, ഫാ സൈജന്‍ വാഴപ്പിള്ളി, ഫാ ബാസ്റ്റിന്‍ ആലപ്പാട്ട്, ഫാ സിംസ ചിറക്കല്‍ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്കു സഹകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ആദ്യ വചനഭാഗം വായിച്ച് വചനമണ്ഡപത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും നര്‍വഹിച്ചു.