Header

പരൂര്‍ കോള്‍പടവില്‍ വിളവെടുപ്പാരംഭിച്ചു

പുന്നയൂര്‍ക്കുളം : പരൂര്‍ കോള്‍പടവിലെ 600 ഏക്കറില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ്  ഉത്സവാന്തരീക്ഷത്തില്‍ ആരംഭിച്ചു.  നാല് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നടത്തുന്ന വിളിവെടുപ്പ് പരൂര്‍ അമ്പലത്തിനു സമീപത്ത് നിന്നാണ് തുടങ്ങിയത്. മണിക്കൂറില്‍ 1600 രൂപ നല്‍കിയാണ് കൊയ്ത്ത് യന്ത്രം പാടത്തിറക്കുന്നത്. 250 ഓളം കര്‍കഷകരാണ് ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് സൗജന്യമായി നല്‍കിയ ഉമയിനത്തില്‍ പെട്ട  വിത്തുപയോഗിച്ചാണ് കൃഷിയിറക്കിയത്. കര്‍ഷകരെ കൂടാതെ നെല്ലുണക്കാനും ചാക്കില്‍ നിറക്കാനും അന്യസംസ്ഥാന തൊഴിലാളികളും പാടത്ത് സജീവമാണ്. 600 രൂപ ദിവസക്കൂലി നല്‍കിയാണ് ഇവരെ പണിക്ക് നിര്‍ത്തിയിട്ടുള്ളത്. അടുത്ത മാസം അവസനാത്തോടെ വിളവെടുപ്പ് പൂര്‍ത്തിയാകും. എന്നാല്‍ അതിനിടയില്‍ മഴ നിലത്ത് വീഴുമോയെന്നത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.  നെല്ലിനൊപ്പം പാടത്തു തന്നെ കൂട്ടിയിട്ട വൈക്കോലും നനയാതെ വിറ്റൊഴിക്കേണ്ടതുണ്ട്.  കൊയതെടുക്കുന്ന നെല്ല് പാടത്തും സമീപത്തെ വീടുകളുടെ മുറ്റത്തും കൂട്ടിയിട്ടാണ് ഉണക്കുന്നത്. മഴ പെയ്യുന്നതിനു മുമ്പേ എല്ലാം പൂര്‍ത്തിയാക്കാനുള്ള തത്രപാടിലാണ് കര്‍ഷകര്‍. കിലോക്ക് 21.50 രൂപ നല്‍കി  സപൈ്ളകോയാണ് നെല്ലെടുക്കുന്നത്. ഇത്തവണ പാടത്ത് നീലക്കോഴിയിറങ്ങി ചില ഭാഗങ്ങളില്‍ നാശം വിതച്ചിരുന്നു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ആയിനത്തില്‍ കര്‍ഷകര്‍ക്കുണ്ടായത്. പാടത്തു നടന്ന് കൊയ്ത്തുത്സവത്തിന് പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി ധനീപ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസ, പഞ്ചായത്തംഗം യു.എം ഫരീഖ്, കൃഷി ഓഫീസര്‍ കെ സിന്ധു, പടവ് കമ്മിറ്റി ഭാരവാഹികളായ കെ.പി ഷക്കീര്‍, കുമ്മിത്തറയില്‍ ഷക്കീര്‍, എ.ടി അബ്ദുല്‍ ജബാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.