നഗരത്തിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു

ചാവക്കാട്: നഗരത്തിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. പൊട്ടിപ്പൊളിഞ്ഞ കുഴികള്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി മാസം തികയും മുമ്പേ തകര്‍ന്നു. വീണ്ടും പ്രത്യക്ഷപ്പെട്ട കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കാന്‍ തുടങ്ങി.
ചാവക്കാട് ട്രാഫിക് ഐലന്‍്റിനു തൊട്ടടുത്താണ് റോഡ് തകര്‍ന്ന് വലിയ കുഴികള്‍ വീണ്ടും പ്രത്യക്ഷപെട്ടത്. നേരത്തെ കുഴികള്‍ നികത്താതിരുന്നതിനെതിരെ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം പി.ഡബ്ള്യു.ഡി അധികൃതര്‍ നികത്തിയ ഭാഗമാണ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് ചെറുവാഹനങ്ങള്‍ക്ക് യാത്ര ദുസ്സഹമായത്. ഏത് സമയവും വാഹനക്കുരുക്ക് അനുഭവപ്പെടുന്ന ചാവക്കാട് നഗരത്തില്‍ ഇത്തരം കുഴികള്‍ പ്രത്യക്ഷപ്പെട്ടത് വാഹനങ്ങളുടെ ഓട്ടം മന്ദഗതിയിലാക്കിയിയിരിക്കുകയാണ്. റോഡിലെ കുഴികള്‍ അധികൃതര്‍ നികത്താത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധിച്ച് ചപ്പുവറുകളും മറ്റും കൊണ്ടിട്ടിരുന്നു. മഴപെയ്താല്‍ വലിയ കുഴികള്‍ മുഴുവന്‍ കുളമാകുന്നതോടെ കുഴികളുടെ ആഴമറിയാതെ ഇരുചക്രവാഹന യാത്രികര്‍ ഇതില്‍ ചാടി അപകടത്തിലാകുന്ന കാഴ്ച്ചയും ഇവിടെ സ്ഥിരമാണ്. കോഴിക്കോട്, പൊന്നാനി, കുന്നംകുളം ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്കും തൃശൂര്‍, ഗുരുവായൂര്‍ ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്നവര്‍ക്കാണ് പൊട്ടിപൊളിഞ്ഞ റോഡ് അപകട ഭീഷണിയാകുന്നത്.

Comments are closed.