Header

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മൂന്നു പേര്‍ അറസ്റ്റിലായി

ചാവക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മധ്യവയസ്കനുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായി.
ഒരുമനയൂര്‍ തൈക്കണ്ടിപ്പറമ്പില്‍ നാസര്‍ (52), പേരകം പറയരിക്കല്‍ വീട്ടില്‍ ഉമര്‍ (30), എടക്കഴിയൂര്‍ തെക്കേമദ്രസ അമ്പലത്തു വീട്ടില്‍ അന്‍സാര്‍ (37) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തീരമേഖലയില്‍ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് ചില്ലറയായി എത്തിച്ചു കൊടുക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായ മൂവരും. ചാവക്കാട് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാലയ പരിസരങ്ങളില്‍ അരംഭിച്ച കര്‍ശന നിരീക്ഷണത്തിനടിയിലാണ് മൂവരും വലയിലായത്. ഉമറിന്റെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവു പൊതിയും വിറ്റു കിട്ടിയതെന്ന് സംശയിക്കുന്ന 800 രൂപയും മറ്റ് രണ്ട് പേരില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് പൊതിയും 1100 രൂപയും പിടികൂടിയിട്ടുണ്ട്. തീരമേഖലയിലെ കഞ്ചാവ് മയക്കുമരുന്ന് വേട്ട ഇനിയും ശക്തമാക്കിയിട്ടില്ലെന്ന ആക്ഷേപത്തിനിടയിലാണ് പൊലീസിന്റെ ഈ നീക്കം. പുന്നയൂര്‍ ആലാപാലം, തെക്കെപുന്നയൂര്‍, അവിയൂര്‍ സ്കൂള്‍, കുരഞ്ഞിയൂര്‍ റോഡ്, അകലാട്, പുന്നയൂര്‍ക്കുളം, അണ്ടത്തോട് ബീച്ച്, പെരിയമ്പലം ബീച്ച്, കടപ്പുറം സുനാമികോളനി തുടങ്ങിയ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും ഇപ്പോഴും തകൃതിയാണ്. വടക്കേക്കാട്, ചാവക്കാട്, ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണീ മേഖലകള്‍. സി.പി.ഒ മാരായാ ലോഫി രാജ്, ശ്യാം, പ്രമോദ് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

thahani steels

Comments are closed.