പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട ചാവക്കാട് സ്വദേശിയെ വനത്തിൽ അവശനിലയിൽ കണ്ടെത്തി

ചാവക്കാട് : പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട പോസ്കോ കേസിലെ പ്രതി തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി കറുത്താൻ വീട്ടിൽ ബാദുഷയെയാണ് അവശ നിലയിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്.

ഇന്ന് രാവിലെ അവശ നിലയിൽ കണ്ടെത്തിയ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പിടിയിലായ പ്രതി രണ്ട് തവണയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
പാലക്കാട് കൊപ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബാദുഷ. അവിടെനിന്നു പൊലീസിനെ വെട്ടിച്ചു കടന്ന ഇയാൾ കുളത്തൂപ്പുഴയിലെത്തി.
കുളത്തൂപ്പുഴയിൽ ചായക്കടയിൽ ചായ കുടിക്കുകയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് ഏറെ നേരം പിന്തുടർന്നു പിടികൂടി.
കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെ മുറിക്കുള്ളിൽ ജനലിൽ കൈ ബന്ധിച്ചു പാർപ്പിച്ച ഇയാൾ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു.
കല്ലടയാറ്റിൽ ചാടിയ ഇയാൾ അവിടെനിന്നു വനത്തിലേക്കു കയറി. തുടർന്ന് വനംവകുപ്പും അന്വേഷണം തുടങ്ങി. വനത്തിലൂടെ ഏറെ ദൂരം യാത്ര ചെയ്ത് റോഡിൽ കയറി പൊലീസിനു മുന്നിലെത്തിയെങ്കിലും വീണ്ടും വിദഗ്ധമായി രക്ഷപെട്ടു.
കല്ലടയാർ നീന്തിക്കടന്ന് കാട്ടിൽ കയറിയ ഇയാൾ ഇന്നലെ രാത്രിയിൽ പെയ്ത മഴ മുഴുവൻ കൊണ്ട നിലയിലായിരുന്നു. ഇയാളെ കണ്ടെത്തിയ ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

Comments are closed.