വെളിയങ്കോട്:   കഴിഞ്ഞ ദിവസം രാത്രി വെളിയങ്കോട് താവക്കുളം മേഖലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് നാട്ടുകാരെ ഭീതിയിലാക്കി. പാമ്പന്റോഡിലെ നജീബ്, മണി എന്നിവരുടെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടതായി വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നത്. വെളിയങ്കോട് കണ്ട പുലിയെന്ന രീതിയില്‍ ഒരു പുലിയുടെ ചിത്രവും വീട്ടുകാരുടെ സന്ദേശവും പ്രചരിച്ചതോടെ ജനങ്ങള്‍ പുലിയെ തിരയുന്നതിനായി തെരുവിലിറങ്ങി. പൊന്നാനി സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. വാസുവിന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരോടൊപ്പം ചേര്‍ന്നെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടർന്ന് അടുത്ത ദിവസം നിലമ്പൂരില്‍നിന്ന് വനം വകുപ്പ് ഓഫീസര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി കാല്‍പാടുകള്‍ പരിശോധിക്കുകയും ഇവ പുലിയുടേതല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.