ചാവക്കാട്: പാലയൂര്‍ സെന്ററില്‍ ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ റോഡരികിലുള്ള വളപ്പില്‍ ടവര്‍ നിര്‍മ്മിക്കുന്നതിനായി മണ്ണുമാറ്റുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാഴ്ചയായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തെ കുറിച്ച് സ്ഥലമുടമയോട് ചോദിച്ചറിഞ്ഞപ്പോള്‍ മോശമായാണ് സ്ഥലമുടമ പ്രതികരിച്ചതെന്നു പറയുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധ യോഗം ചേര്‍ന്നത്. ടവര്‍ നിര്‍മാണത്തിനെതിരെ നിയമപരമായി നേരിടുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കമ്മിറ്റി രൂപീകരിച്ചു. പ്രതിഷേധയോഗം നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.വി.പീറ്റര്‍, ഷാഹിന സലീം, നാട്ടുകാരായ സി.എല്‍.തോമസ്, സി.ജി.സതീശന്‍, പി.കെ.സലീം, ജസ്റ്റിന്‍ ബാബു, ചക്കിയത്ത് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.