ചാവക്കാട്:  ആയിരങ്ങളെത്തിയ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ച് മണിക്കൂറുകള്‍ക്കകം മണത്തല പള്ളി പരിസരവും ദേശീയപാതയോരവും  ശുചീകരിച്ച് നഗരസഭ മാതൃകയായി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മണത്തല നേര്‍ച്ചയുടെ ആഘോഷങ്ങള്‍ക്ക് സമാപനമായത്. ബുധനാഴ്ച അതിരാവിലെ തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി. ചപ്പു ചവറുകളും മറ്റ് മാലിന്യങ്ങളുമെല്ലാം നീക്കി ഉച്ചയോടെ മണത്തല പൂര്‍ണമായും വൃത്തിയും വെടിപ്പുമുള്ളതാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞു. മണത്തല പള്ളിപരിസരത്തിന് പുറമെ സമീപത്തെ ദേശീയപാതയോരം, ചാപ്പറമ്പ്, പഴയപാലം തുടങ്ങീ ഭാഗങ്ങളും ശുചീകരിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബറിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യത്‌നത്തില്‍  വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.എ. മഹേന്ദ്രന്‍, കൗണ്‍സില്‍മാരായ പി.ഐ. വിശ്വംഭരന്‍, പി.വി. പീറ്റര്‍, സുരേഷ് ബാബു, മഞ്ജുള ജയന്‍, മഞ്ജു കൃഷ്ണന്‍, ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി  ജോജി തോമസ്, വൈസ് പ്രസിഡന്റ് നടരാജന്‍ എന്നിവരും പങ്കാളികളായി. നഗരസഭയുടെ 30 ശുചീകരണ തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പോള്‍ തോമസ്, ജെ.എച്ച്.ഐ.മാരായ ഷെമീര്‍, വസന്ത് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ശുചീകരണം.