ചാവക്കാട്:  ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍  പ്രതിയുമായി പോലീസ്  തെളിവെടുപ്പു നടത്തി. അകലാട് കാട്ടിലെപള്ളിക്ക് സമീപം കല്ലുവളപ്പില്‍ അലി(54)യെയാണ്  അകലാടുള്ള പണ്ടംപണയ സ്ഥാപനത്തിലും  സഹകരണബാങ്കിലും കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തിയത്. രണ്ടിടത്തുനിന്നുമായി പ്രതി പണയം വെച്ച മൂന്ന് പവന്റെ സ്വര്‍ണ്ണാഭരണം പോലീസ് കണ്ടെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും മാതാവിനെയും ഭീഷണിപ്പെടുത്തി ഇയാള്‍ തട്ടിയെടുത്ത സ്വര്‍ണ്ണാഭരണം  ഇവിടെ പണയം വെക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിന്റെ കാമുകനായിരുന്നു അലി.  ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നു എന്ന കാരണം ചുമത്തി പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പെണ്‍കുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മാതാവുമായി അവിഹിത ബന്ധമുണ്ടായിരുന്ന പ്രതി പെണ്‍കുട്ടിയെയും പീഡിപ്പിക്കാറുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ് മൊഴി നല്‍കിയത്. റിമാന്‍ഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കണ്ടെടുത്ത സ്വര്‍ണ്ണാഭരണം അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ഗോപകുമാര്‍ അറിയിച്ചു.