അതിദരിദ്രരില്ലാത്ത ഗ്രാമമാവാൻ പുന്നയൂർ ഗ്രാമപഞ്ചായത്ത്
പുന്നയൂർ : കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി പുന്നയൂർ പഞ്ചായത്തിൽ വിവിധ സ്വയം തൊഴിൽ തുടങ്ങുന്നതിനായുള്ള ധനസഹായ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷയായി.
അതിദാരിദ്ര്യ നിർമാർജ്ജനത്തിന്റെ ഭാഗമായി പഞ്ചായത്തിൽ സർവ്വേ നടത്തി അതിദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി പട്ടിക തയ്യാറാക്കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളും, അവകാശങ്ങളും നിറവേറ്റാൻ കഴിയാത്ത ബാഹ്യ സഹായം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം എന്നീ 4 ഘടകങ്ങളിലെ ഇല്ലായ്മയെ അടിസ്ഥാനമാക്കിയായിരുന്നു അതിദാരിദ്ര നിർണ്ണയ പ്രക്രിയ.
ആദ്യ ഘട്ടത്തിൽ സ്വയം തൊഴിൽ തുടങ്ങുന്നതിന് അഞ്ചുപേർക്ക് ധനസഹായം വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ പതിനൊന്നു പേർക്കാണ് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി ധനസഹായം വിതരണം ചെയ്തത്. ആകെ 426000 രൂപ വിതരണം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ഷെമീം അഷറഫ്, വിജയൻ എ. കെ, വിശ്വനാഥൻ കെ, സിഡിഎസ് ചെയർപേഴ്സൺ അനിത സുരേഷ്, മെമ്പർ സെക്രട്ടറി ബിജു കെ. കെ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ വിശ്വജിത്ത് എം.വി, സിആർപി രേഷ്മ കെ. പി, വാർഡ് മെമ്പർമാർ, സിഡിഎസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
Comments are closed.