പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടായി റസ്‌ല റഹീം

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടായി റസ്‌ല റഹീം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി കോട്ടപ്പടി സബ് രജിസ്റ്ററാർ ഓഫീസർ പി ബാബു മോൻ പ്രഖ്യാപിച്ചു. അഞ്ച് വോട്ടുകൾക്ക് എതിരെ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചു. യു ഡി എഫ് സ്ഥാനാർഥിയായി റസ്‌ല റഹീമിനെ വാർഡ് 9 ലെ കോൺഗ്രസ്സ് അംഗം ഐ പി രാജേന്ദ്രൻ നാമ നിർദേശം ചെയ്തു. എട്ടാം വാർഡ് അംഗം മുസ്ലിം ലീഗിലെ ആർ പി ബഷീർ പിന്തുണച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി വാർഡ് 6 ലെ സി പി എം അംഗം ഷൈബ ദിനേശനെ വാർഡ് 4 ലെ ബാബു മാഷ് നാമനിർദേശം ചെയ്തു. വാർഡ് 10 ലെ സിപിഐ അംഗം ഷഫീന മുനീർ പിന്തുണച്ചു.

22 അംഗ പഞ്ചായത്ത് സമിതിയിൽ യു ഡി എഫ് 17 അംഗങ്ങളും എൽഡിഎഫ് അഞ്ച് അംഗങ്ങളുമാണ് ഉള്ളത്. സിപിഎം അംഗം ഷൈബ ദിനേശന് അഞ്ച് വോട്ട് ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർഥി റസ്‌ല റഹീമിന് 16 വോട്ടാണ് ലഭിച്ചത്. ഒരു ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായി. വാർഡ് 22 ൽ നിന്നുള്ള അബ്ദു സലീം കുന്നമ്പത്തിന്റെ വോട്ടാണ് സാങ്കേതിക തടസ്സം ഉന്നയിച്ച് വരണാധികാരി അസാധുവായി പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ റസ്‌ല റഹീമിനെ പാർട്ടി നേതാക്കളും പൗരപ്രമുഖരും ഷാൾ അണിയിച്ചും ഹാരാർപ്പണം നടത്തിയും അനുമോദിച്ചു.

Comments are closed.