റെഡ് അലർട്ട്: ചാവക്കാട് താലൂക്കിൽ ക്യാമ്പ് തുടങ്ങി

ചാവക്കാട് : കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാവക്കാട് താലൂക്കിൽ ക്യാമ്പ് ആരംഭിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ വെള്ളക്കെട്ടിലായ 4 കുടുംബങ്ങളെ പറയങ്ങാട്ട് കിഴക്കേ മദ്രസയിലേക്ക് മാറ്റി താമസിപ്പിച്ചു. 5 പുരുഷന്മാരും 8 സ്ത്രീകളുമടക്കം 13 പേരാണ് ക്യാമ്പിലുള്ളത്. വെള്ളക്കെട്ട് രൂക്ഷമാകാനിടയുള്ള താഴ്ന്ന പ്രദേശങ്ങളിലും തീരദേശ മേഖലയിലും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ പഞ്ചായത്ത് പ്രസിഡണ്ട്മാരേയും വില്ലേജ് ഓഫീസർമാരേയും ചുമതലപ്പെടുത്തിയതായി ചാവക്കാട് തഹസിൽദാർ എം. സന്ദീപ് അറിയിച്ചു.

കടൽ വെള്ളമെടുക്കുന്ന സാഹചര്യമായതിനാൽ കടലേറ്റ ഭീഷിണി നിലവിലില്ല. കോവിഡ് വ്യാപനം നിലനിൽക്കുന്ന അവസ്ഥയിൽ മഴ ശക്തമായാൽ വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലെ ആളുകൾ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്. നഗരസഭ-പഞ്ചായത്ത് തലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയതിനെത്തുടർന്ന് അടിയന്തര സാഹചര്യങ്ങളിലേക്ക് സന്നദ്ധപ്രവർത്തകരെ തയ്യാറാക്കിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ചാവക്കാട് താലൂക്കിലെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 0487 2507350


 
			 
				 
											
Comments are closed.