mehandi banner desktop
Chavakkad online

നവോത്ഥാനം ഭൂതകാലമല്ല, വർത്തമാനത്തെ തിരുത്താനുള്ള ചിന്ത: കെ ഇ എൻ

Ft

നെയ്തൽ 2026 സാംസ്കാരികോത്സവം സമാപിച്ചു

Jan oushadi

ചാവക്കാട്: നവോത്ഥാനത്തിന്റെ ചരിത്രം കേവലം ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലല്ല, മറിച്ച് വർത്തമാനകാലത്തെ വിമർശനാത്മകമായി വിലയിരുത്താനുള്ള രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടാണെന്ന് പ്രൊഫ. കെ. ഇ. എൻ. കുഞ്ഞഹമ്മദ്.  നവോത്ഥാനം മുന്നോട്ടുവെച്ച സമത്വം, സ്വാതന്ത്ര്യം, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം പ്രാവർത്തികമാകുന്നുവെന്ന പരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട്  ഖരാനയുടെ നേതൃത്വത്തിൽ മൂന്നു ദിവസമായി ചാവക്കാട് മുൻസിപ്പൽ സ്‌ക്വയറിൽ നടന്നുവന്ന  നെയ്തൽ 2026 സാംസ്കാരികോത്സവത്തിന്റെ സമാപന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യ, സാമൂഹിക, സാംസ്കാരിക, കലാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചുകൊണ്ട് നെയ്തൽ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച ആദരസദസ്സും ശ്രദ്ധേയമായി. കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി, ഇന്ത്യയിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് നേടിയ ആദ്യ വനിത രേഖ കാർത്തികേയൻ, നാഗസര കലാകാരൻ ഗോപി ഒരുമനയൂർ എന്നിവരെ ചാവക്കാട് ഖരാന പ്രസിഡന്റ് കെ. എ. മോഹൻദാസ് ആദരിച്ചു.

ഷംസുദ്ദീൻ പണിക്കവിട്ടിൽ, ഖരാന കൺവീനർ കെ. വി. രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം പ്രിജ ദേവദാസ്, ഷൈനി ഷാജി, മാലിക്കുളം അബാസ്, വേണു എടക്കഴിയൂർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ചലച്ചിത്രസംഗീതത്തിന്റെ സുവർണകാലത്തെ അനശ്വരമാക്കിയ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച് ഗായകൻ മുഹമ്മദ് അസ്ലം അവതരിപ്പിക്കുന്ന ‘മുഹമ്മദ് റഫി തരംഗം’ സംഗീതസദസും നെയ്തലിന്റെ സമാപന ചടങ്ങിന് ആവേശമാകും. മൂന്ന് ദിവസങ്ങളിലായി നടന്ന നെയ്തൽ സാംസ്കാരികോത്സവത്തിൽ വിവിധ സാംസ്കാരിക പ്രവർത്തകർ, കലാകാരന്മാർ, സാഹിത്യപ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Comments are closed.