റോഡ് തകർന്നു തരിപ്പണം; സ്വകാര്യ ബസുകൾ ചേറ്റുവയിൽ സർവീസ് അവസാനിപ്പിച്ചു; യാത്രക്കാർ ദുരിതത്തിൽ

ചാവക്കാട്:ചാവക്കാട് തെക്കേ ബൈപ്പാസ് മുതൽ ഒരുമനയൂർ തങ്ങൾ പടി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിച്ചു. റോഡിന്റെ തകർച്ച കാരണം സർവീസ് പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് എല്ലാ സ്വകാര്യ ബസുകളും ചേറ്റുവയിൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു.എറണാകുളം മേഖലയെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ ദേശീയപാത 66-ൽ തങ്ങൾപടി, വില്യംസ്, ഒരുമനയൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഭാഗമാണ് പൂർണ്ണമായും തകർന്നിരിക്കുന്നത്. റോഡിലെ വലിയ കുഴികളും അപകടാവസ്ഥയും കാരണം ബസുകൾ ഓടിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സമരപ്രഖ്യാപനം നടത്തുകയും, തുടർന്ന് ഇന്ന് മുതൽ ബസുകൾ ചേറ്റുവയിൽ സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കുകയുമായിരുന്നു. നിലവിൽ ഈ റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചതോടെ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്.പ്രത്യേകിച്ച് മൂന്നാംകല്ല്, വട്ടേക്കാട്, ഒരുമനയൂർ, തങ്ങൾപടി തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ദിവസേന ചാവക്കാട്ടേക്കും മറ്റ് സ്ഥലങ്ങളിലേക്കും ജോലിക്കും പഠനത്തിനുമായി പോകേണ്ട വിദ്യാർത്ഥികളും സാധാരണക്കാരായ തൊഴിലാളികളുമാണ് യാത്രാസൗകര്യമില്ലാതെ വലയുന്നത്. ബസുകൾ ചേറ്റുവയിൽ യാത്ര അവസാനിപ്പിക്കുന്നതിനാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചേറ്റുവയിലെ സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ദേശീയപാത അതോറിറ്റിക്കും ജില്ലാ കളക്ടർക്കും ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. ജനങ്ങളുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കണ്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, സ്വകാര്യ ബസുകൾ ചാവക്കാട് വരെ സർവീസ് പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.




Comments are closed.