മുതുവട്ടൂര്‍: ആര്‍.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാരാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. മുതുവട്ടൂരിലെ സി.കെ. കുമാരന്‍ സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതപരമായ വൈജാത്യത്തെ ചൂഷണം ചെയ്ത് സ്വാതന്ത്ര്യസമരത്തെ ദുര്‍ബ്ബലപ്പെടുത്താനാണ് ബ്രിട്ടീഷുകാരുടെ ഒത്താശയോടെ മുസ്ലിം ലീഗും ആര്‍.എസ്.എസും രൂപവത്കരിക്കപ്പെട്ടത്.
1925-ല്‍ രൂപംകൊണ്ട ഹിന്ദു മഹാസഭയുടെ അനുബന്ധമായാണ് ആര്‍.എസ്.എസ്. രൂപവത്കരിക്കപ്പെട്ടത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപവത്കരിച്ചത് മതപണ്ഡിതന്മാരല്ല. മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ ബ്രീട്ടീഷുകാരാണ് മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിനു പിന്നിലും പ്രവര്‍ത്തിച്ചത്. ജിന്ന ഒരുകാലത്തും വര്‍ഗ്ഗീയവാദിയായിരുന്നില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നെഹ്രുവും തമ്മിലുള്ള അഭിപ്രായഭിന്നത മുതലെടുക്കാനാണ് ജിന്നയുടെ സഹായത്തോടെ ബ്രീട്ടീഷ് സര്‍ക്കാര്‍ മുസ്ലിം ലീഗ് രൂപവത്കരിച്ചതെന്ന് ജയരാജന്‍ പറഞ്ഞു.
കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ സി.കെ. കുമാരന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ഏരിയാ സെക്രട്ടറി എം.കെ. കൃഷ്ണദാസ്, ബാബു എം. പാലിശ്ശേരി, നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ടി.കെ. വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു. റെഡ് ഹൗസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാര്‍ട്ടി ഓഫീസാണ് സി.കെ. കുമാരന്‍ സ്മാരകമായി നവീകരിച്ചത്.