ചൊറിയന്‍ പുഴുവിനാല്‍ പൊറുതി മുട്ടി ചക്കംകണ്ടം പ്രദേശത്തുകാര്‍ – നഗരസഭക്ക് അനങ്ങാപാറ നയം
ഗുരുവായൂര്‍ : ചക്കംകണ്ടം മേഖലയില്‍ ചൊറിയന്‍പുഴു ശല്ല്യം രൂക്ഷം. പുഴുശല്യം മൂലം നാട്ടുകാര്‍ക്ക് ഉണ്ണാനും ഉറങ്ങാനും കഴിയാത്ത അവസ്ഥയിലായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. നഗരസഭ 20-ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന 20 ഓളം വീട്ടുകാരാണ് പുഴുശല്യം മൂലം ദുരിതത്തിലായിരിക്കുന്നത്. വര്‍ഷങ്ങളായി മാലിന്യം മൂലം നട്ടം തിരിയുന്ന ചക്കംകണ്ടം കായല്‍ പ്രദേശത്തുകാര്‍ക്ക് കൂനിന്‍ മേല്‍ കുരു എന്ന അവസ്ഥയാണിപ്പോള്‍. രണ്ടാഴ്ച മുന്‍പാണ് നേരിയ തോതില്‍ മഞ്ഞയും കറുപ്പും നിറത്തോടുകൂടിയ പുഴുക്കളെ പ്രദേശത്ത് കണ്ടു തുടങ്ങിയത്. ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് റോഡരികിലുള്ള പാഴ്‌ചെടികളിലാണ് ഇവയെ ആദ്യം കണ്ടെത്തിയത്. ക്രമേണ ഇവ വീടിനകത്തേക്കും വന്നു തുടങ്ങി. ഇപ്പോള്‍ പരിസരത്ത് കാലുകുത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
എങ്ങോട്ടു തിരിഞ്ഞാലും ആയിരകണക്കിന് പുഴുക്കളാണ് അരിച്ചു നടക്കുന്നത്. നടന്നു പോകുമ്പോഴേക്കും ഇവ ശരീരത്തില്‍ കയറിക്കൂടും. ഉച്ചവെയില്‍ കനക്കുന്നതോടെ ഇവ തണലന്വേഷിച്ച് വീടിനകത്തേക്ക് കൂട്ടമായി ചേക്കേറും. മണ്ണെണ്ണയും മറ്റു കീടനാശിനികളും തളിച്ചെങ്കിലും ഇവ ചാകുന്നില്ല. ഇവയെ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി വീട്ടമ്മമാര്‍ ചൂലുമായാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാലും ചെറിയ പഴുതുകളിലൂടെയും മറ്റും ഇവ വീടിനകത്തേക്ക് എത്തുന്നുണ്ട്.
പുഴുക്കള്‍ സ്പര്‍ശിക്കുന്ന ഭാഗങ്ങളില്‍ ശക്തമായ തോതില്‍ ചൊറിച്ചിലും നീര് വന്ന് വിങ്ങുന്ന അവസ്ഥയുമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു. ഇത് മൂലം ഇവിടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസിയായ റംലത്ത് പറഞ്ഞു. ശരീരത്തില്‍ പുഴുവരിക്കുന്നതു മൂലം ദിവസം പത്തിലധികം തവണ കുളിക്കേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു.
പാചകം ചെയത് ചൂടോടെ മൂടി വെച്ച ഭക്ഷണത്തിനകത്തും വസ്ത്രങ്ങളിലും കട്ടിലിലും വരെ ഇവ എത്തിയതോടെ പ്രദേശത്തുകാര്‍ നഗരസഭയെ സമീപിച്ചു. രണ്ടാഴ്ചയായിട്ടും നഗരസഭ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലൊണ് നാട്ടുകാരുടെ പരാതി. വിഷയം വാര്‍ഡ് സഭയില്‍ ഉന്നയിച്ചിട്ടും വാര്‍ഡ് കൗസിലര്‍ അടക്കമുള്ളവര്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് പ്രദേശവാസിയായ കുണ്ടുകുളം ജോസന്‍ പറഞ്ഞു. നവജാത ശിശുക്കള്‍ വരെ ഇത് മൂലം ബുദ്ധിമുട്ടിലാണ്. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ ചൊറിയാന്‍ പുഴു ഭീഷണിയിലാണ്.വളര്‍ത്തു മൃഗങ്ങള്‍ക്ക് വരെ രക്ഷിയില്ലാത്ത അവസ്ഥയിലാണ്. നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സ്ഥിതിക്ക് ഇനി എന്തു വേണമെറിയാതെ ദുരിതം പേറുകയാണ് ചക്കംകണ്ടം നിവാസികള്‍.
Comments are closed.